പച്ചക്കറി ലോഡ് കയറ്റി വന്ന പിക്കപ് വാനിന്റെ ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറി വാൻ ശരീരത്തിൽ വീണ് കഴിഞ്ഞ ദിവസമാണ് 24കാരനായ അഫ്‌സൽ ബാഷ ദാരുണമായി മരണപ്പെട്ടത്. ഡിസംബർ 26ന് വിവാഹം നടത്താൻ ഇരിക്കവെയാണ് അപ്രതീക്ഷിത അപകടം യുവാവിന്റെ ജീവൻ എടുത്തത്. വിവാഹ ആവശ്യങ്ങൾക്കായി പണം കണ്ടെത്താനുള്ള കഠിനാധ്വാനത്തിലായിരുന്നു അഫ്‌സൽ.
ആഘോഷം കാത്തിരുന്ന കുടുംബത്തിലേയ്ക്ക് കണ്ണീർ എത്തിയതിന്റെ ആഘാതത്തിലാണ് കുടുംബം. വാഹനം ലക്ഷ്യസ്ഥാനത്തെത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കി നിൽക്കെയായിരുന്നു അപകടം നടന്നത്. പ്ലസ്ടു പഠനം കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങി. പകൽ സ്വന്തം ഓട്ടോറിക്ഷ ഓടിക്കുന്നതു കൂടാതെ രാത്രി മറ്റു വാഹനങ്ങളിലും അഫ്‌സൽ ഡ്രൈവറായി ജോലിക്കു പോകും. ഇത്തരത്തിൽ നിലയ്ക്കാത്ത ഓട്ടം ഓടിയാണ് അഫ്‌സൽ തന്റെ കുടുംബത്തെ പുലർത്തിയിരുന്നത്.
പൊൻകുന്നത്തെ കടയിലേക്കുള്ള പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നു കൊണ്ടുവരാൻ ചൊവ്വാഴ്ച രാത്രിയാണ് അഫ്‌സൽ തമിഴ്‌നാട്ടിലേക്കു പോയത്.ഇന്നലെ രാവിലെ ഒൻപതോടെ കെകെ റോഡിൽ (ദേശീയപാത 183) പൊൻകുന്നം കെഎസ്ഇബി ഓഫിസിനു സമീപം താന്നിമൂട് വളവിൽ വെച്ചായിരുന്നു അപകടം നടന്നത്. മധുരയിൽ നിന്നു പൊൻകുന്നത്തേക്കു പച്ചക്കറി കയറ്റിവന്ന വാനിന്റെ പിൻഭാഗത്തെ ടയർ പഞ്ചറായി. റോഡരികിൽ വാൻ നിർത്തിയ അഫ്‌സൽ ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തി ടയർ അഴിച്ചു മാറ്റി.
മറ്റൊരു ടയർ ഇടുന്നതിനു മുൻപ് ജാക്കി തെന്നി മാറിയതോടെ ലോഡ് സഹിതം വാൻ അഫ്‌സലിന്റെ ശരീരത്തിലേക്കു പതിക്കുകയായിരുന്നു. തുടർന്ന്, ലോഡ് കെട്ടിയിരുന്ന കയർ പൊട്ടിച്ച് പച്ചക്കറിച്ചാക്കുകൾ വലിച്ചിറക്കിയാണു നാട്ടുകാർ വാൻ ഉയർത്തി അഫ്‌സലിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അബ്ദുൽ ഖാദർ – റംലത്ത് ദമ്പതികളുടെ ഇളയ മകനാണ്. സഹോദരങ്ങൾ: അഹമ്മദ് ഷെരീഫ്, സദ്ദാം ഹുസൈൻ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം പൊൻകുന്നം ടൗണിൽ പൊതുദർശനത്തിനു വച്ചു. കബറടക്കം നടത്തി.