ഷൊർണൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ പങ്കെടുത്ത മുങ്ങൽ വിദഗ്ദൻ മരിച്ചു. ഷൊർണൂർ തെരുവിൽ നമ്പൻതൊടി രാമകൃഷ്ണൻ ആണ് മരണപ്പെട്ടത്. 62 വയാസായിരുന്നു. ബുധനാഴ്ച വൈകിട്ട് പുഴയിൽ കുളിക്കാനിറങ്ങിയ ചെറുതുരുത്തി സ്വദേശി ഫൈസലിനെ കാണാതാവുകയായിരുന്നു. അപകടം അറിഞ്ഞാണ് രാമകൃഷ്ണൻ സംഭവ സ്ഥലത്തേയ്ക്ക് എത്തിയത്.
പത്തുമിനിറ്റോളം അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർക്കൊപ്പം ഫൈസലിനായി രാമകൃഷ്ണൻ വെള്ളത്തിൽ മുങ്ങി തിരച്ചിൽ നടത്തി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കരയ്ക്ക് കയറിയ ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനടി, രാമകൃഷ്ണനെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
വെള്ളത്തിൽ മുങ്ങിപ്പോകുന്നവരെ രക്ഷപ്പെടുത്താൻ പോലീസുൾപ്പെടെയുള്ളവർ ആശ്രയിച്ചിരുന്നയാളാണ് മരിച്ച രാമകൃഷ്ണൻ. കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും രാമകൃഷ്ണൻ നിറഞ്ഞു നിന്നിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇദ്ദേഹം മുൻ നഗരസഭാ കൗൺസിലറുമായിരുന്നു.
വിജയലക്ഷ്മിയാണ് രാമകൃഷ്ണന്റെ ഭാര്യ. മക്കൾ: സഞ്ജയ്, സനുജ. മരുമക്കൾ: രാധാകൃഷ്ണൻ, സൂര്യ. നീന്തുന്നതിനിടെ ഫൈസൽ പുഴയിൽ മുങ്ങിപോകുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറരവരെ ഫൈസലിനായി അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ വ്യാഴാഴ്ച രാവിലെയും തുടരുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചിട്ടുണ്ട്.