കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിൽ മൂന്നാംപ്രതി ലൈലയ്ക്ക് ജാമ്യം നിഷേധിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇരട്ടനരബലിക്കേസിലെ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ലൈല ജാമ്യം തേടിയത്. താൻ കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യഹർജിയിൽ ലൈല വാദിച്ചിരുന്നു.
‘എല്ലാം ദൈവവിധി’ 135 പേരുടെ ജീവൻ എടുത്ത മോർബി തൂക്കുപാലം അപകടത്തിൽ ഒറിവ കമ്പനിയുടെ വിശദീകരണം
എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷൻ എതിർത്തു. കൊലപാതകത്തിൽ ലൈലയ്ക്ക് നിർണായക പങ്കുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ റോസ്ലിനെ കൊലപ്പെടുത്തിയ കേസിൽ ലൈല അടക്കം മൂന്നുപ്രതികളും പോലീസ് കസ്റ്റഡിയിലാണ്.
അതേസമയം, ഇലന്തൂരിൽ നരബലി സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ തമിഴ്നാട് സ്വദേശിനിയായ 52 കാരി പത്മയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറൻസിക് ലബോറട്ടറിയിൽനിന്നുള്ള ഡി.എൻ.എ. പരിശോധനാ ഫലമാണ് ഇത് സ്ഥിരീകരിച്ചത്. പത്മയുടേതെന്നു കരുതുന്ന 56 ശരീര ഭാഗങ്ങളാണ് ഡി.എൻ.എ. പരിശോധനയ്ക്ക് അയച്ചത്. അതിൽ ഒന്നിന്റെ ഫലം മാത്രമാണ് പുറത്തുവന്നത്. ബാക്കി ഫലങ്ങൾ ഇനിയും വരാനുണ്ട്.