പുല്ലൂർ: കട്ട് തിന്നാൻ അടുക്കളയിൽ കയറിയ പൂച്ച കുട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി. താഴെ വീണ പാത്രമാണ് പൂച്ചക്ക് വിനയായത്. ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തിയതോടെ ജനൽ വഴി ചാടാൻ ശ്രമിച്ചെങ്കിലും തല ജനൽക്കമ്പിക്കിടയിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി. അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാൻ ആവാതെ വിഷമിച്ച പൂച്ച കുട്ടിക്ക് തുണയായത് അഗ്നിരക്ഷ സേനയാണ്.
വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീടിന്റെ ജനലിലാണ് പൂച്ച കുടുങ്ങിയത്. പൂച്ചയുടെ കരച്ചിൽ അസഹനീയം ആയതോടെയാണ് അഗ്നിരക്ഷ സേനയും എത്തിയത്. കടിക്കുമോ എന്ന പേടിയിൽ വീട്ടുകാർക്കും തൊടാൻ പോലും പേടിയായി. ഒടുവിൽ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് സ്പെഡ്രർ മെഷീൻ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
കടിയേൽക്കാതിരിക്കാൻ പൂച്ചയുടെ തല ഹെൽമെറ്റ് ഉപയോഗിച്ച് മൂടിയാണ് കമ്പി അകത്തിയാണ് പ്രവർത്തനം നടത്തിയത്. കമ്പി അകന്നതോടെ തലകുടഞ്ഞ് പൂച്ച സ്ഥലത്ത് നിന്ന് ഓടിരക്ഷപെടുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.ഷിജു, ടി.വി.സുധീഷ് കുമാർ, പി.വരുൺരാജ്, ഡ്രൈവർ ഇ.കെ.അജിത്ത്, ഹോംഗാർഡ് പി.നാരായണൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Discussion about this post