തിരുവനന്തപുരം: ഷാരോണിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് പ്രിയം ഹൊറർ സിനിമകളും ക്രൈം സീരിയലുകളുമെന്ന് പോലീസ്. ഗ്രീഷ്മയുടെ മൊബൈൽഫോൺ സൈബർ പൊലീസ് നടത്തിയ പരിശോധനയിലാണ് ക്രിമിനൽ കമ്പം വെളിപ്പെട്ടത്. ഇംഗ്ലീഷ് ഉൾപ്പെടെ അന്യഭാഷകളിലുള്ള ഹൊറർ ചിത്രങ്ങളും ചോരചിന്തുന്ന അക്രമദൃശ്യങ്ങളുൾപ്പെട്ട ക്രൈം സീരിയലുകളും മറ്റുമാണ് ഗ്രീഷ്മ നിരന്തരം കണ്ടിരുന്നത്.
ക്രിമിനൽ പശ്ചാത്തലമോ കുറ്റവാളികളുമായി സംസർഗമോ ഇല്ലെങ്കിലും മനസിൽ കുറ്റവാസന വളരാൻ ഇത്തരത്തിലുള്ള സിനിമകളും സീരിയലുകളും സ്വാധീനിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, ഗ്രീഷ്മയുടെ ഈ അമിതകമ്പത്തെപ്പറ്റി ഷാരോണിനും അറിവുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി കണ്ടത് അരമനൈ എന്ന കന്നട ചിത്രമാണ്.
വിവാഹം കഴിഞ്ഞത് ഒരാഴ്ച മുമ്പ്, നവവധു വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍
പഠനകാര്യങ്ങളിൽ കാട്ടിയ ഏകാഗ്രതയും മികവും കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിലും ഗ്രീഷ്മ പുലർത്തിയത് അന്വേഷണ സംഘത്തെ പോലും അമ്പരപ്പിച്ച ഒന്നാണ്. പ്രണയത്തിൽനിന്ന് പിന്തിരിയാൻ പല തവണ ശ്രമിച്ചിട്ടും ഷാരോൺ വിട്ടുപോകുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് ഗ്രീഷ്മയുടെ ചിന്ത കൊലപാതകത്തിലേയ്ക്ക് തിരിഞ്ഞത്.
ഷാരോണിനെ വകവരുത്താൻ മാനസികമായി തയ്യാറെടുത്തശേഷം അവനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ യാതൊരു ചാഞ്ചല്യവും കാട്ടാതെയാണ് വിഷം കലർത്തിയ കഷായം നൽകിയത്. ഒരു കാര്യംതീരുമാനിച്ചാൽ അതിൽ ഉറച്ചുനിൽക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പ്രകൃതക്കാരിയായതിനാൽ തെല്ലും ഭയമില്ലാതെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കരുക്കൾ നീക്കിയത്.
ഷാരോണിന്റെ ആരോഗ്യനില അനുദിനം വഷളായി കൊണ്ടിരുന്നിട്ടും കീടാനാശിനിയുടെ പേര് വെളിപ്പെടുത്തി അവനെ രക്ഷപ്പെടുത്താനുള്ള അവസരം നിഷേധിക്കുകയായിരുന്നു. വിഷം എന്താണെന്ന് അറിയിച്ചിരുന്നെങ്കിൽ പ്രതിമരുന്ന് നൽകി രക്ഷപ്പെടുത്താൻ കഴിയുമെന്നും ഗ്രീഷ്മയ്ക്ക് അറിവുണ്ടായിരുന്നു.