പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ പ്രിതകളെ വീണ്ടും തെളിവെടുപ്പിന് എത്തിച്ച് പോലീസ്. ഇലന്തൂരിലെ വീട്ടിലും ധനകാര്യ സ്ഥാപനത്തിലുമാണ് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തുന്നത്.
കൊല്ലപ്പെട്ട റോസ്ലിന്റെ സ്വര്‍ണാഭരണങ്ങള്‍ ഭഗവല്‍ സിങ് പണയം വെച്ചിരുന്നു ഇത് കണ്ടെടുക്കാനായി ഇലന്തൂരിലെ ധനകാര്യ സ്ഥാപനത്തില്‍ രണ്ടാംപ്രതി ഭഗവല്‍സിങ്ങിനെ എത്തിച്ചു.ഇവിടെ വിവിധ രേഖകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
ഇതിനിടെ ഇലന്തൂരിലെ വീട്ടില്‍ മുഖ്യപ്രതിയായ ഷാഫിയെയും മൂന്നാംപ്രതി ലൈലയെയും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നുണ്ട്. ഫൊറന്‍സിക് സംഘവും ഇവിടെ എത്തിയിട്ടുണ്ട്.
പ്രതികളെ ചോദ്യം ചെയ്ത സമയത്ത് നല്‍കിയ നിര്‍ണായക വിവരങ്ങള്‍ സ്ഥിരീകരിക്കാനാണ് വീണ്ടും തെളിവെടുപ്പ് നടത്തുന്നത്. കൊല്ലപ്പെട്ട റോസ്ലിന്റെ മൊബൈല്‍ ഫോണിലേക്ക് ഒന്നാം പ്രതി മുഹമ്മദ് ഷാഫി അയച്ച സന്ദേശങ്ങള്‍ കണ്ടെത്താനായി ഫോണിനായി പോലീസ് തെരച്ചില്‍.
ഇലന്തൂരിലെ വീടിനടുത്തുള്ള തോട്ടിലേക്ക് ഈ മൊബൈല്‍ ഫോണ്‍ എറിഞ്ഞതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട പത്മയുടെ മൊബൈല്‍ ഫോണ്‍ ഇതേ തോട്ടിലേക്ക് എറിഞ്ഞതായി രണ്ടാം പ്രതി ഭഗവല്‍സിങ് മൊഴി നല്‍കിയിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ടവര്‍ ലൊക്കേഷനും ഫോണ്‍കോള്‍ വിവരങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, രണ്ട് തവണ പരിശോധന നടത്തിയിട്ടും മൊബൈല്‍ കണ്ടെത്താനായിട്ടില്ല.