ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് നാടകമെന്ന് സംശയിച്ച് പോലീസ്; ശുചിമുറി മാറ്റിയ വനിതാ പോലീസുകാര്‍ക്ക് വീഴ്ച, നടപടി

തിരുവനന്തപുരം: ശുചിമുറിയിലെ ലൈസോള്‍ കുടിച്ച് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചയെന്ന് സൂചന. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചു.

ഇതിനിടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനായി ഗ്രീഷ്മ നടത്തിയ നാടകമാണ് ലൈസോള്‍ കുടിച്ച സംഭവമെന്നും സൂചനയുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ കൂടുതല്‍ സമയം ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയാകാം നീക്കമെന്നും സംശയമുണ്ട്. എന്നാല്‍ ആശുപത്രിയിലെത്തിച്ച് ഛര്‍ദ്ദിക്കാനുള്ള മരുന്ന് നല്‍കിയതോടെ പെണ്‍കുട്ടി സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.

also read- സ്വകാര്യ ഫോട്ടോകള്‍ ഷാരോണ്‍ ഡിലീറ്റ് ചെയ്തില്ല, പ്രതിശ്രുത വരന് നല്‍കുമെന്ന് ഭയന്നുവെന്ന് ഗ്രീഷ്മ; ബന്ധുക്കളും പ്രതികളാകും, വീടിന് നേരെ കല്ലെറിഞ്ഞ് അജ്ഞാതര്‍

അതേസമയം, ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ വ്യക്തമാക്കി. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാലു വനിതാ പൊലീസുകാരുടെ സംരക്ഷണയിലായിരുന്നു ഗ്രീഷ്മ.

സുരക്ഷാ പരിശോധന നടത്തിയ ശുചിമുറി ആയിരുന്നു ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അല്ല ഗ്രീഷ്മ ഉപയോഗിച്ചത്. പോലീസുകാര്‍ മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ ലഭിക്കും.

Exit mobile version