തിരുവനന്തപുരം: പാറശ്ശാലിയില്‍ കാമുകനെ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത് ലൈസോള്‍ കുടിച്ചെന്ന് സ്ഥിരീകരണം. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ ആണ് ഗ്രീഷ്മ കുടിച്ചത്. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയിലല്ല നിലവില്‍ ഗ്രീഷ്മയെന്നാണ് പ്രാഥമിക വിവരം.ഗ്രീഷ്മയെ മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ലൈസോള്‍ കുടിച്ചതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.
അതേസമയം, കുടിച്ച ലൈസോളിന്റെ അളവ്, നേര്‍പ്പിച്ചാണോ കുടിച്ചത്, എന്നിവയെ ആശ്രയിച്ചിരിക്കും ആരോഗ്യ നിലയെന്നും വിദഗ്ദര്‍ പറയുന്നു. ബി എസ് സി വിദ്യാര്‍ത്ഥി ഷാരോണ്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ഗ്രീഷ്മയെ മാറ്റിയിരുന്നു. മൊഴിപ്രകാരം കൂടുതല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ് പൊലീസ്. ഷാരോണിന് വിഷം നല്‍കിയ കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.
സംഭവത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഷാരോണിന്റെ മരണം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.