തിരുവനന്തപുരം: പാറശാല സ്വദേശിയായ വിദ്യാര്‍ത്ഥിയായ 23കാരന്‍ ഷാരോണ്‍ രാജ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തി പെണ്‍സുഹൃത്ത് ഗ്രീഷ്മ. വീട്ടിലെത്തിയ ഷാരോണിന് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയിരിക്കുന്നത്. ഷാരോണിന്റെ മരണത്തിന് പിന്നാലെ പോലീസ് നടത്തിയ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവിലാണ് ഗ്രീഷമ കുറ്റസമ്മതം നടത്തിയത്.
യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നപ്പോഴും ഭാവ വ്യത്യാസമില്ലാതെ ഗ്രീഷ്മ പെരുമാറിയതും ബന്ധുക്കള്‍ക്ക് ഞെട്ടലായിരിക്കുകയാണ്. ആശുപത്രിയില്‍ അവശനിലയില്‍ കിടക്കുമ്പോഴും അവള്‍ വിഷം നല്‍കില്ലെന്നും വഞ്ചിക്കില്ലെന്നും ഷാരോണ്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു.
മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയിലും ഷാരോണ്‍ ഗ്രീഷ്മയെ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സകലരും ഞെട്ടിയിരിക്കുകയാണ്.
അനിശ്ചിതത്വത്തിനുമൊടുവില്‍ പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്ത് ഗ്രീഷ്മ മൊഴി നല്‍കിയിരിക്കുന്നത്.
ഷാരോണ്‍ വിശ്വസിക്കുന്നുണ്ടെന്നതായിരുന്നു ഗ്രീഷ്മയുടെ ധൈര്യം. തെളിവുകള്‍ ഓരോന്നായി പുറത്തെത്തുമ്പോഴും പിടിക്കപ്പെടില്ലെന്ന് ഗ്രീഷ്മ ഉറപ്പാക്കിയിരുന്നു.ഇരുവരും തമ്മിലുള്ള ചാറ്റ് നേരത്തെ പുറത്തു വന്നിരുന്നു. എന്ത് കഷായമാണ് നല്‍കിയതെന്നു ചോദിച്ചപ്പോഴൊക്കെ കഷായത്തില്‍ ഒന്നുമില്ലെന്നും താന്‍ സ്ഥിരമായി കഴിക്കാറുള്ളതാണ് എന്നായിരുന്നു ഗ്രീഷ്മ പറഞ്ഞിരുന്നു. വികാര ഭരിതയായി പെണ്‍കുട്ടി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു.
ഷാരോണിന്റെ നിലഗുരുതരമായപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഷാരോണിന്റെ മുന്നില്‍ ഗ്രീഷ്മ കരയുകയായിരുന്നു. ഇക്കാര്യമെല്ലാം ബന്ധുക്കള്‍ മുന്‍പ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എല്‌സാസമയവും പെണ്‍കുട്ടി ജ്യൂസുമായിട്ടാണ് നടക്കുകയെന്നും ആരോപണമുണ്ട്.
പെണ്‍കുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛര്‍ദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് ആരോപിച്ചിരുന്നു. ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകന്‍ പറഞ്ഞിരുന്നെങ്കില്‍, അവന്‍ പറഞ്ഞില്ല. ഇടയ്‌ക്കൊക്കെ ഓക്കാനം വരുമെന്ന് അവന്‍ പറയുമായിരുന്നുവെന്നും പിതാവ് പറയുന്നു.
ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണം പദ്ധതിയിട്ടാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാന്‍ വേണ്ടിയാണ് മകനെ വിഷം കൊടുത്ത് കൊന്നത്.
ഒക്ടോബറിന് മുന്‍പ് വിവാഹം ചെയ്താല്‍ ആദ്യഭര്‍ത്താവ് മരിച്ചുപോകുമെന്ന് ഗ്രീഷ്മയുടെ ജാതകത്തിലുണ്ടായിരുന്നു എന്നാണ് അവളും വീട്ടുകാരും വിശ്വസിച്ചിരുന്നത്. ഇക്കാര്യം ഷാരോണ്‍ തന്നെയാണ് വീട്ടുകാരോട് മുന്‍പ് പറഞ്ഞിട്ടുള്ളത്.
അന്ന് ഗ്രീഷ്മയുടെ വീട്ടില്‍ ഷാരോണ്‍ അവസാനമായി പോയത് വര്‍ക്ക് ബുക്ക് വാങ്ങാന്‍ വേണ്ടിയായിരുന്നു. ഉടന്‍ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണെന്നും ഷാരോണിന്റെ പിതാവ് വ്യക്തമാക്കി.