ഷാരോണിന്റെ മരണം കൊലപാതകം; കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് പെണ്‍കുട്ടി കുറ്റസമ്മതം നടത്തി;മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ ചെയ്തതെന്ന് മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന മൊഴി നല്‍കി ആരോപണ വിധേയയായ പെണ്‍കുട്ടി. കേസില്‍ വഴിത്തിരിവായത് പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയതോടെയാണ്.

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണ്‍ രാജിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നുമാണ് പെണ്‍കുട്ടിസമ്മതിച്ചിരിക്കുന്നത്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേസമയം, കേസില്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി സാധൂകരിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പോലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ റൂറല്‍ എസ്പി ഓഫീസിലെത്തി നേരിട്ട് വിവരങ്ങള്‍ ശേഖരിക്കും.

മറ്റൊരാളുമായി ഫെബ്രുവരിയില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാന്‍ വിഷം നല്‍കി കൊന്നുവെന്നാണ തുടക്കം മുതല്‍ ഷാരോണിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്‌സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു.

also read- വടക്കഞ്ചേരി ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും ഗുരുതര വീഴ്ച പറ്റി; അമിത വേഗതയും നടുറോഡിലെ സഡന്‍ബ്രേക്കും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ പെണ്‍കുട്ടിയുടെ തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള വീട്ടിലേക്ക് സുഹൃത്തിനൊപ്പം ഷാരോണ്‍ എത്തിയത് സുഹൃത്തിനെ പുറത്തുനിര്‍ത്തി ഇകത്തേക്ക് പോയ ഷാരോണ്‍ പിന്നീട് ഛര്‍ദ്ദിച്ച് അവശനായാണ് തിരികെ വന്നത്.

പെണ്‍കുട്ടി നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണ്‍ പറഞ്ഞിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്.

വായിലും കുടലിലുമടക്കം പൊള്ളി അടര്‍ന്ന മുറിവുകളുണ്ടായിരുന്നു. കരളും വൃക്കയും തകരാറിലായാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരില്‍ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

അന്നും അസാധാരണമായി ഷാരോണ്‍ ഛര്‍ദ്ദിച്ചിരുന്നു. അതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടില്‍വച്ച് കഷായവും ജ്യൂസും നല്‍കിയത്. എന്നാല്‍ മജിസ്‌ട്രേറ്റിന് ഷാരോണ്‍ നല്‍കിയ മൊഴിയില്‍ ദുരൂഹമായൊന്നുംപറഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍, ഷാരോണിന് നല്‍കിയ കഷായത്തിന്റെ പേര് പെണ്‍കുട്ടി ആദ്യം മറച്ചുവച്ചതിലും പിന്നീട് ലേബല്‍ കീറി കുപ്പി കഴുകി വൃത്തിയാക്കിയെന്ന് സന്ദേശം അയച്ചതിലും കുടുംബം ദുരൂഹത സംശയിച്ചിരുന്നു.

Exit mobile version