പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ടൂര്‍ പോയ സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും ഉത്തരവാദിയെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയതില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും ഗുരുതര വീഴ്ചയെന്നാണ് നാറ്റ്പാക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
അമിത വേഗതയിലായിരുന്ന ബസ് പെട്ടെന്ന് വേഗത കുറച്ച് നടുറോഡില്‍ നിര്‍ത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം അപകടത്തിന് പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നും നാറ്റ്പാക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒക്ടോബര്‍ അഞ്ചിന് പതിനൊന്നരയോടെയാണ് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പുറകിലിടിച്ചത്. സംഭവത്തില്‍ ടൂറിസ്റ്റ് ബസിലെ അഞ്ച് വിദ്യാര്‍ഥികളും അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ മൂന്നുപേരും അഠക്കം ഒമ്പത് പേര്‍ മരണപ്പെട്ടിരുന്നു.
അതേസമയം തുടക്കം മുതല്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ദേശീയ ഏജന്‍സിയായ നാറ്റ്പാക് നടത്തിയ പഠനത്തിലാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും വീഴ്ച പറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.