തിരുവനന്തപുരം: ചികിത്സയ്ക്ക് എത്തിയ രോഗി ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു. സര്ജന് ഡോ. ശോഭയ്ക്കാണ് രോഗിയുടെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഡോക്ടറുടെ കൈയ്ക്ക് ഒടിവുണ്ട്.
സര്‍ജറി ഒപി ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ മണക്കാട് സ്വദേശിയായ വസീറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡില്‍ വിട്ടു.
വസീര്‍ വൃക്കയിലെ കല്ലിന്റെ ചികിത്സയ്ക്കായാണ് ആശുപത്രിയില്‍ എത്തിയത്. തുടന്ന് വസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രോഗി വിസമ്മതം അറിയിച്ചു. തുടര്‍ന്ന് മരുന്ന് എഴുതി നല്‍കുന്നതിനിടെ ഇയാള്‍ അകാരണമായി പ്രകോപിതനാവുകയും ഒപി ടിക്കറ്റും ചികിത്സാ രേഖകളും കീറിക്കളഞ്ഞ് ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് മൊഴി.
തന്റെ തലയ്ക്ക് നേരെ വന്ന അടി കൈകൊണ്ട് തടയുകയായിരുന്നു എന്നും ഡോക്ടര്‍ ശോഭ പറഞ്ഞു. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ കെജിഎംഒഎ അപലപിച്ചു. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് അതിക്രമിച്ചു കടക്കുന്നവര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റവാളിയെ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ശിക്ഷിക്കണമെന്നും അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഡോ. അരുണ്‍ എ ജോണും ജില്ലാ സെക്രട്ടറി ഡോ. പത്മപ്രസാദും ആവശ്യപ്പെട്ടു.
Discussion about this post