കോട്ടയം: രാവിലെ കാറിൽ കയറി യാത്ര തിരിച്ച സഹോദരങ്ങൾ ഒടുവിൽ എത്തിപ്പെട്ടത് ലഡാക്കിൽ. 16 ദിവസം കൊണ്ട് 16 സംസ്ഥാനങ്ങൾ 9700 കിലോമീറ്ററോളമാണ് ഇരുവരും സഞ്ചരിച്ചത്. തീക്കോയിയിൽ നിന്നാണ് ചേട്ടനും അനിയനും യാത്ര തിരിച്ചത്. വാഹനമോടിച്ച് ചെല്ലാവുന്ന ലോകത്തെ ഏറ്റവും ഉയരംകൂടിയ ഇടമായ ഉംലിഗ്ലാ പാസ് വരെയാണ് ഇരുവരും യാത്ര ചെയ്തത്.
റോഷന് ഇനി എല്ലാം കേള്‍ക്കാം: പുതിയ ശ്രവണ സഹായി കൈമാറി മേയര്‍ ആര്യ രാജേന്ദ്രന്‍
സ്റ്റെസോയും സ്റ്റീവോയുമാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആസ്വദിച്ചത്. ഇരുവരുടെ സ്വപ്‌നം കൂടിയായിരുന്നു ഈ യാത്ര. എം.ജി. സർവകലാശാലയിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് ബാസ്‌കറ്റ് ബോൾ താരംകൂടിയായ സ്റ്റെസോ. അനിയൻ സ്റ്റിവോ ബിരുദപഠനം പൂർത്തിയാക്കി. സെപ്റ്റംബർ നാലിനാണ് സഹോദരങ്ങൾ യാത്ര തിരിച്ചത്.
ബംഗളൂരുവും മുംബൈയും പിന്നിട്ട് രാജസ്ഥാനിലെത്തി. അവിടെ ജോധ്പുർ കോട്ടയും ജെയ്‌സൽമേറും സന്ദർശിച്ചു. പഞ്ചാബിലെ സുവർണക്ഷേത്രവും വാഗാ അതിർത്തിയും കണ്ട് മനസ് നിറഞ്ഞ ശേഷം, ജമ്മുവും ശ്രീനഗറും സന്ദർശിച്ചു. അവിടെനിന്നാണ് ലഡാക്കിലേക്ക് തിരിച്ചത്. ഇവിടെ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ഉംലിഗ്ലാ പാസിലേയ്ക്കാണ് ഇരുവരും പിന്നീട് എത്തിയത്. ശേഷം, വാഹനമോടിച്ച് എത്താവുന്ന ലോകത്തെ രണ്ടാമത്തെ ഉയരം കൂടിയ ഇടമായ കർദുംഗ്ലാ പാസിലുമെത്തി. 17,982 അടി ഉയരത്തിലാണിത്.
ഒരു ആഗ്രഹംതോന്നി അങ്ങനെ പോയി എന്നാണ് സ്റ്റെസോ സോമി പറയുന്നത്. അധ്യാപകൻ സോമി ജോസഫിന്റെയും ടെസിയുടെയും മക്കളാണ് ഇരുവരും. ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചും റിസോർട്ടിലും, ഡൽഹിയിൽ ഒരു ബന്ധുവിന്റെ വീട്ടിലും, ബാക്കിയെല്ലാം കാറിലും ചെലവഴിച്ചാണ് യാത്ര ചെയ്തത്. 1,89,000 രൂപയും പത്തുജോടി ഡ്രസുമായാണ് ഇവർ ഇറങ്ങി തിരിച്ചത്.
79,000 രൂപയാണ് പെട്രോളിന് മാത്രമായി ചെലവായത്. ലഡാക്കിൽ നിന്ന് മണാലി, കുളു വഴിയാണ് ഡൽഹിയിൽ എത്തിയത്. താജ്മഹലും കണ്ടിട്ടായിരുന്നു ഇരുവരും മടങ്ങിയത്. സെപ്റ്റംബർ 21-നാണ് തിരിച്ചെത്തിയത്. എന്നാൽ, യാത്രയിൽ ഇടയ്ക്ക് കാർ തകരാറായത് കല്ലുകടിയായി. എങ്കിലും യാത്ര സുന്ദരമായിരുന്നുവെന്ന് ഈ സഹോദരങ്ങൾ പറയുന്നു.