തിരൂർ: കളിക്കാൻ പോയ കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തിരൂർ അഗ്‌നിരക്ഷാ ഓഫീസിനു സമീപം തൃക്കണ്ടിയൂരിലെ പഴയ റെയിൽവേ ക്യാബിന് സമീപം പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ്-റഹിയാനത്ത് ദമ്പതിമാരുടെ മൂന്നര വയസുകാരിയായ മകൾ ഫാത്തിമ റിയ, ബന്ധു പരന്നേക്കാട് സ്വദേശി കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജ്‌ല ദമ്പതിമാരുടെ മകനായ മൂന്നുവയസുകാരൻ അമൻ സെയ്ൻ എന്നിവരാണ് മുങ്ങി മരിച്ചത്.
തൃക്കണ്ടിയൂർ അങ്കണവാടിക്കു സമീപത്തെ പെരിങ്കൊല്ലൻകുളത്തിൽ ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം നടന്നത്. കുട്ടികളുടെ വീട്ടിൽനിന്ന് 20 മീറ്റർ അകലെയാണ് കുളം. ഇരുവരുടെയും ചെരിപ്പുകൾ കുളത്തിലേക്കിറങ്ങാനുള്ള കൽപടവുകളിൽ ഉണ്ടായിരുന്നു. ഈ കാഴ്ച ഇന്ന് കണ്ണീർ സമ്മാനിക്കുകയാണ്. കുട്ടികളെ കാണാത്തതിനാൽ അന്വേഷിച്ചു പോയപ്പോഴാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നജ്‌ല പരന്നേക്കാട്ടുനിന്ന് അമൻ സെയ്‌നുമായി സ്വന്തം വീട്ടിൽ വന്നതായിരുന്നു. മുഹമ്മദ് ആദിൽ, മുഹമ്മദ് നാജിൽ എന്നിവരാണ് മരിച്ച ഫാത്തിമ റിയയുടെ സഹോദരങ്ങൾ. മൃതദേഹ പരിശോധനയ്ക്കുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് കൈമാറും. രണ്ടാഴ്ചയ്ക്കിടെ സമാനമായ രണ്ടാമത്തെ ദുരന്തമാണ് തിരൂരിലുണ്ടായത്.