മംഗളൂരു: 35 വർഷക്കാലം ചോരയും നീരും വെള്ളമാക്കി പ്രവാസ ലോകത്ത് കഠിനാധ്വാനം ചെയ്ത് സ്വരുക്കൂട്ടിയ പണം ബന്ധു കബളിപ്പിച്ച് തട്ടിയതായി മലയാളി പ്രവാസിയുടെ പരാതി. സ്വപ്നം പോലെ ഒരു വീട് പണിയുന്നതിനായി സ്ഥലം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് താൻ തട്ടിപ്പിന് ഇരയായതെന്ന് മംഗളൂരുവിലെ താമസക്കാരനും ഗൾഫിൽ ജോലിക്കാരനുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി അബ്ദുള്ള ഉദ്യാവര ബെള്ളിക്കുഞ്ഞി വെളിപ്പെടുത്തി.
കോവളത്ത് സ്വകാര്യ ഹോട്ടൽ ജീവനക്കാരി തൂങ്ങിമരിച്ചു; മൃതദേഹം അടുക്കളയില് ഇരിക്കുന്ന നിലയിൽ!
സംഭവത്തിൽ ബന്ധുവിനെതിരെ മംഗളൂരു പോലീസിൽ പരാതി നൽകി. കാസർകോട് അണങ്കൂർ സ്വദേശിയായ മുഹമ്മദ് അബ്ദുൽ മജീദ്, ഇയാളുടെ സുഹൃത്ത് മഞ്ചേശ്വരം സ്വദേശി മൊയ്തീൻ ഫർഹാദ് എന്നിവർക്കെതിരെയാണ് അബ്ദുള്ളയുടെ പരാതി. അതേസമയം, പരാതി നൽകിയതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്. പോലീസ് അന്വേഷണം കേസിൽ നടത്തി വരികയാണ്.
അബ്ദുള്ളയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ് തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ മജീദെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണത്തെ വഴിമുട്ടിച്ചിട്ടുണ്ട്. കേരളത്തിലും ഇവർക്കായുള്ള അന്വേഷണം നടത്തി വരികയാണ്. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന അബ്ദുള്ള നാട്ടിൽ വീട് പണിയാനുള്ള ആഗ്രഹം പറഞ്ഞതോടെയാണ് മജീദ് തന്റെ തട്ടിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.
മജീദ് തന്റെ സുഹൃത്തായ മൊയ്തീൻ ഫർഹാദിന്റെ മഞ്ചേശ്വരം ഉദ്യാവരയിൽ വില്പനയ്ക്കുവെച്ച 1.1 ഏക്കർ സ്ഥലം വാങ്ങാൻ അബ്ദുള്ളയോട് നിർദേശിച്ചു. 2.84 കോടി രൂപയ്ക്ക് സ്ഥലം വാങ്ങാനായി അബ്ദുള്ള തയ്യാറായി. തുടർന്ന് സ്ഥലമുടമ മുൻകൂറായി പണം ആവശ്യപ്പെട്ടു. അബ്ദുള്ളയുടെ വിശ്വാസമാർജിച്ച മജീദ് സ്ഥലമുടമയുമായി ഒത്തുകളിച്ച് കരാർ സ്വന്തം പേരിലാക്കുകയും ചെയ്തു.
തുടർന്ന് പലതവണയായി മജീദ് വഴിയും നേരിട്ടും അബ്ദുള്ള സ്ഥലമുടമയായ മൊയ്തീൻ ഫർഹദിന് 2.40 കോടി രൂപ നൽകി. തുടർന്ന് നാട്ടിലെത്തി സ്ഥലം തന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ഉടമ കരാർ മജീദുമായാണെന്ന് പറഞ്ഞ് രജിസ്റ്റർ ചെയ്യാൻ സമ്മതിച്ചില്ല. തുടർന്നാണ് തന്നെ ചതിക്കുകയായിരുന്നുവെന്ന് അബ്ദുള്ള തിരിച്ചറിഞ്ഞത്. ശേഷം പോലീസിനെ സമീപിക്കുകയായിരുന്നു.
Discussion about this post