‘നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ആളോട് താനും തന്റെ വീട്ടുകാരും ഒരിക്കലും അങ്ങനെ ചെയ്യില്ല’: ഷാരോണിന്റെ മരണത്തില്‍ കാമുകി

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ പങ്കില്ലെന്ന് പെണ്‍കുട്ടി. താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കാമുകിയായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ഇവരുടെ ശബ്ദ സന്ദേശവും, ഷാരോണിന്റെ ബന്ധുവിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും പുറത്തുവന്നിട്ടുണ്ട്. ഷാരോണും പെണ്‍കുട്ടിയും രഹസ്യമായി വിവാഹം ചെയ്തിരുന്നതായി സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.


തന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ആളോട് താന്‍ അങ്ങനെ ചെയ്യില്ലെന്നും തന്റെ വീട്ടുകാരും ഒന്നും ചെയ്യില്ലെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. ഷാരോണിന് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോള്‍ ഭക്ഷ്യവിഷ ബാധയെന്നാണ് കരുതിയത്, ഇങ്ങനെ എന്തെങ്കിലും ചെയ്യാനായിരുന്നെങ്കില്‍ തനിക്ക് നേരത്തേ ചെയ്യാമായിരുന്നില്ലേ, താന്‍ തെറ്റുകാരിയല്ലെന്നുമാണ് പെണ്‍കുട്ടി ഷാരോണിന്റെ ബന്ധുവിന് അയച്ച സന്ദേശത്തില്‍ പറയുന്നത്.

Read Also: 7 മാസമായി കോമയിലായിരുന്ന യുവതി പ്രസവിച്ചു; കുഞ്ഞ് പൂര്‍ണ ആരോഗ്യവതി

സംഭവ ദിവസം ഷാരോണ്‍ ഒറ്റയ്ക്കായിരുന്നില്ല വീട്ടില്‍ വന്നത്. കൂടെ സുഹൃത്തുമുണ്ടായിരുന്നു. ഇങ്ങനെയുള്ളപ്പോള്‍ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നും, തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാമെന്നും പെണ്‍കുട്ടി സന്ദേശത്തില്‍ പറയുന്നുണ്ട്.

പെണ്‍കുട്ടി ജ്യൂസില്‍ ആസിഡ് പോലെ എന്തോ കലര്‍ത്തി നല്‍കിയതുകൊണ്ടാണ് ഷാരോണ്‍ മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങുന്ന ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഷാരോണ്‍ കഷായവും ജ്യൂസും കുടിച്ചിരുന്നുവെന്നും ഷാരോണിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിരിക്കുന്നത്.

Exit mobile version