മണ്ണഞ്ചേരി: ഒറ്റ ദിവസം കൊണ്ട് 18,000 രൂപ കളക്ഷൻ എടുത്ത് സംസ്ഥാനത്ത് ഏറ്റവും അധികം കളക്ഷനെടുക്കുന്ന സംസ്ഥാനത്തെ ഏക വനിതാ കണ്ടക്ടറായി സുമംഗലി. എത്ര തിരക്കായാലും കൃത്യമായി ടിക്കറ്റ് നൽകി പണം വാങ്ങിയും, യാത്രക്കാരെ ബസിലേയ്ക്ക് കയറ്റുന്നതിലും ഉള്ള സുമംഗലിയുടെ മിടുക്ക് ചെറുതല്ല.
ഈ പ്രയത്‌നത്തിനാണ് സുമംഗലിയെ തേടി അംഗീകാരവും എത്തിയത്. ഇക്കഴിഞ്ഞ ഓണത്തിനുശേഷം വന്ന പ്രവൃത്തിദിനത്തിൽ റെക്കോഡ് കളക്ഷൻ നേടുന്നവരെ കണ്ടെത്താൻ കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. തുടർന്നാണ് രണ്ടും കൽപ്പിച്ച് സുമംഗലിയും ഡ്രൈവർ രാജേഷും ഇറങ്ങി തിരിച്ചത്.
ആലപ്പുഴ- വൈക്കം റൂട്ടിൽ രണ്ടു സർവീസും ആലപ്പുഴ- മങ്കൊമ്പ് റൂട്ടിൽ ഒരു സർവീസും നടത്തിയാണ് ഒറ്റ ദിവസം കൊണ്ട് 18,000 രൂപ കളക്ഷൻ എടുത്തത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി വനിതയായി സുമംഗലി മാത്രമെ ഒള്ളൂ എന്നൊരു പ്രത്യേകത കൂടിയുണ്ട്.
കഴിഞ്ഞ 13 വർഷമായി ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടറാണ് സുമംഗലി. വടകര ജോയിന്റ് ബി.ഡി.ഒ. മണ്ണഞ്ചേരി ഞാണ്ടിരിക്കൽ ലക്ഷ്മിഭവനിൽ ജി. ഹരികുമാറിന്റെ ഭാര്യയാണ്. കീർത്തന, ലക്ഷ്മി എന്നിവരാണ് മക്കൾ. റെക്കോഡ് കളക്ഷൻ നേടിയതിനുള്ള അവാർഡ് കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകറിൽനിന്നാണ് സുമംഗലി ഏറ്റുവാങ്ങിയത്.