കണ്ണൂർ: ‘ഞാൻ ചെയ്തത് ജോലി മാത്രമാണ്. ഇഷ്ടം ട്രാഫിക് ഡ്യൂട്ടിയാണ്. ജനങ്ങളെ അടുത്തുനിന്ന് സഹായിക്കാൻ കൂടുതൽ അവസരം കിട്ടും’ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകനായി എത്തിയ കണ്ണൂർ ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ എ.കെ. പ്രകാശിന്റെ വാക്കുകളാണ് ഇത്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിയാണ് പ്രകാശ്.
ബുധനാഴ്ച കണ്ണൂർ ടൗണിലാണ് സംഭവം. കണ്ണൂർ എസ്.എൻ. കോളേജിലെ ലൈബ്രേറിയൻ സി. രമ്യയ്ക്കാണ് പ്രകാശിന്റെ ഇടപെടലിൽ പുതുജന്മം ലഭിച്ചത്. അഞ്ചാംപീടികയിലെ വീട്ടിൽനിന്ന് രാവിലെ കളക്ടറേറ്റിനു മുന്നിലെ ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു രമ്യ. കോളേജിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി.ക്ക് മുന്നിലെ സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ രമ്യ അവശതയായിരുന്നു. ഇത് കണ്ട പ്രകാശ് ഉടൻ തന്നെ ഓട്ടോപിടിച്ച് ആശുപത്രിയിൽ എത്തിക്കാൻ ശ്രമം നടത്തി.
എന്നാൽ ആശുപത്രിയിലേയ്ക്കുള്ള യാത്രയിൽ തന്നെ രമ്യ കുഴഞ്ഞു വീണു. ഇതിനിടെ പ്രകാശ് ട്രാഫിക് സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു. പകരം പോലീസ് ഡ്യൂട്ടിക്കെത്തി. രമ്യയ്ക്ക് പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. ഒരുമണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചാണ് പ്രകാശ് മടങ്ങിയത്. അഞ്ചാംപീടിക ചിറ്റോത്ത് മഞ്ജീരത്തിൽ സി. മുകുന്ദന്റെ മകളാണ് രമ്യ. കെ. ഉഷയാണ് പ്രകാശിന്റെ ഭാര്യ. അർജുൻ പ്രകാശ്, ദേവനന്ദ പ്രകാശ് എന്നിവർ മക്കളാണ്.
Discussion about this post