പാലാ: മൂന്നാർ പെട്ടിമുടി ദുരന്തത്തിന്റെ ആഘാതങ്ങൾ ഇനിയും മലയാള മണ്ണിനെ മുക്തമാക്കിയിട്ടില്ല. ഓരോ മലയാളിയുടെയും മനസിലെ വിങ്ങുന്ന ഓർമയാണ് പെട്ടിമുടി ദുരന്തം. കുത്തിയൊലിച്ചെത്തിയ മലവെള്ളം നിരവധി ജീവനെടുത്താണ് ഒഴുകിപോയത്. ഇതിൽ ഉറ്റവരെയും ഉടവരെയും നഷ്ടപ്പെട്ട കുട്ടികളുടെ വേദനിപ്പിക്കുന്ന മുഖം കൂടിയുണ്ടായിരുന്നു. ആ മുഖങ്ങളിൽ ഒന്നാണ് ജി. ഗോപിക എന്ന പെൺകുട്ടി.
സർക്കാരിന്റെ ദത്തുപുത്രി കൂടിയാണ് ഗോപിക. അച്ഛൻ പി.ഗണേശൻ, അമ്മ തങ്കം എന്നിവരുൾപ്പെടെ കുടുംബത്തിലെ 24 പേരെയാണ് 2020 ഓഗസ്റ്റ് 6നു ഉരുൾപൊട്ടലിൽ ഗോപികയ്ക്ക് നഷ്ടപ്പെട്ടത്. അപകടം നടക്കുമ്പോൾ ഗണേശന്റെ സഹോദരിയുടെ മകൾ ലേഖയുടെ തിരുവനന്തപുരം പട്ടത്തെ വീട്ടിലായിരുന്നു ഗോപികയും സഹോദരി ഡിഗ്രി വിദ്യാർഥിയായ ഹേമലതയും.
അതുകൊണ്ട് തന്നെ ഇരുവരും ആ മരണവക്കിൽ നിന്ന് കരകയറിയിരുന്നു. എന്നാൽ തളരാത്ത പോരാട്ടവീര്യമാണ് ഗോപികയ്ക്ക് ഉള്ളത്. മാതാപിതാക്കളുടെ ആഗ്രഹം പോലെ ഡോക്ടർ ആകുവാനുള്ള പരിശ്രമത്തിലാണ് ഗോപിക. ഇന്ന് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേരും. പഠിച്ചു ഡോക്ടറാകണമെന്ന ഗോപികയുടെയും മാതാപിതാക്കളുടെയും ആഗ്രഹത്തിനു പൂർണ പിന്തുണ നൽകിയ പാലാ ബ്രില്യന്റിലെ അധ്യാപകരാണ് ഗോപികയെ അഡ്മിഷനായി കൊണ്ടുപോകുന്നത്.
അന്ന് ദുരന്തം നടക്കുന്നതിന്റെ തൊട്ടു മുൻപ് അച്ഛനും അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അവരുടെ ആഗ്രഹമായിരുന്നു ഡോക്ടറാകുക എന്നത്. അതിനായുള്ള ശ്രമമാണ് ഇനി. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ഗോപിക പറയുന്നു. ബ്രില്യന്റ് അധികൃതർ വലിയ പിന്തുണയാണ് നൽകിയത്. പൂർണ സൗജന്യമായിരുന്നു പഠനം. കഷ്ടപ്പാടുകൾക്കിടയിലും പ്രോത്സാഹനം നൽകിയ അധ്യാപകർ, സുഹൃത്തുക്കൾ, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരോടും നന്ദിയുണ്ട്.
ഒന്നര വർഷം മുൻപാണ് അവസാനമായി പെട്ടിമുടിയിൽ പോയത്. അടുത്തയാഴ്ച വീണ്ടും അവിടേക്കു പോകുന്നുണ്ടെന്നും ഗോപിക കൂട്ടിച്ചേർത്തു. അതേസമയം, മൂന്നാർ രാജമല എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിൽ നിന്ന് ആദ്യമായാണ് ഒരാൾ എംബിബിഎസിനു ചേരുന്നത്. ഇത് പെട്ടിമുടിയിലെ ജനങ്ങൾക്ക് വലിയ ആശ്വാസം കൂടിയാണ്. പ്ലസ് ടു പരീക്ഷയിൽ ഗോപിക മുഴുവൻ മാർക്കും സ്വന്തമാക്കിയിരുന്നു.