തിരുവനന്തപുരം: പെണ്‍സുഹൃത്ത് നല്കിയ കഷായവും ജ്യൂസും കുടിച്ച് അവശനിലയിലായ യുവാവ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. പാറശാല മുര്യങ്കര ജെ പി ഹൗസില്‍ ജയരാജന്റെ മകന് ഷാരോണ്‍ രാജ് (23) മരിച്ച സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഷാരോണിനെ ആസിഡ് നല്കി കൊലപ്പെടുത്തിയതാണെന്നും പോലീസ് ഇക്കാര്യം അന്വേഷിക്കുന്നില്ല എന്നുമാണ് ബന്ധുക്കളുടെ ആരോപണം.
നാളുകളായി ഷാരോണും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പായിരുന്നു ഈ ബന്ധത്തില്‍. ഇതരമതമായതും സാമ്പത്തിക അന്തരവുമാണ് എതിര്‍പ്പിന് കാരണമായത്.
ഇതിനിടെ ഇവര്‍ വെട്ടുകാട് പള്ളിയില്‍ വെച്ച് താലികെട്ടിയിരുന്നു. തുടര്‍ന്നും സ്വന്തം വീടുകളിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിക്കുകയും വിവാഹം സെപ്തംബറില്‍ നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാലിത് നവംബറിലേ നടക്കൂവെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. നവംബറിന് മുന്‍പ് വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മരിക്കുമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം വിശ്വസിച്ചിരുന്നത്. അതുകൊണ്ടാണോ ഷാരോണിനെ കൊണ്ട് താലി കെട്ടിപ്പിച്ചതെന്നാണ് ഷാരോണിന്റെ കുടുംബം സംശയിക്കുന്നത്.
എല്ലാ ദിവസവും വൈകിട്ട് കുങ്കുമം തൊട്ട് ഷാരോണിന് വാട്സാപ്പില്‍ ഫോട്ടോ അയച്ചുകൊടുക്കുമായിരുന്നു പെണ്‍കുട്ടിയെന്നും ബന്ധുക്കള്‍ പറയുന്നു.
വീട്ടിലേക്ക് ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തി ആസിഡ് നല്കി യുവാവിനെ അപായപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍, ചികിത്സയുടെ ഭാഗമായി കാമുകി കയ്പ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോള്‍ ഷാരോണിന് കഷായം കുടിയ്ക്കാന്‍ നല്‍കിയെന്നും കയ്ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അത് മാറ്റാനാണ് ജ്യൂസ് നല്‍കിയതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഇക്കാര്യം തന്നെയാണ് ഷാരോണും ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്.
അതേസമം, ഷാരോണിന്റെ കൂടെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ സുഹൃത്ത് ഷാരോണ്‍ ആ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. നീല കളറില്‍ ഛര്ദ്ദിച്ചപ്പോള് എന്താണ് കഴിച്ചതെന്ന് ചോദിച്ചിരുന്നു.
ഇതോടെ കഷായമാണെന്നും പറഞ്ഞിരുന്നു. എന്തിനാണ് കുടിച്ചതെന്ന ചോദ്യത്തിന് വേഗം വീട്ടിലെത്തിക്കാന്‍ ഷാരോണ്‍ ആവശ്യപ്പെടുകയായിരുന്നു.
അശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാരോണ്‍ രക്തവും മാംസ കഷ്ണങ്ങളും ഛര്‍ദ്ദിച്ചിരുന്നു. വായിലും കുടലിലും തൊലി പൊള്ളി അടര്‍ന്ന നിലയിലായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതെ വരികയും യുവാവിന്റെ വൃക്ക തകരാറിലാവുകയും ആയിരുന്നു.
വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച യുവാവ് ഒടുവില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. യുവാവിന്റെ ആവസ്ഥയ്ക്ക് കാരണം പോസ്റ്റ്മോര്‍ട്ടത്തില്‍ മാത്രമെ വ്യക്തമാവൂ.
അതേസമയം, ഷാരോണിന് നല്കിയ കഷായത്തിന്റെ പേര് പലവട്ടം ചോദിച്ചിട്ടും പെണ്‍കുട്ടി പറയാത്തതും ദുരൂഹതയേറ്റുകയാണ്. കുപ്പിയുടെ മുകളില്‍ പേരുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അത് അമ്മ ചീന്തി കളഞ്ഞു എന്നായിരുന്നു മറുപടി.
എന്നാല്‍ കുപ്പി എവിടെയെന്ന ചോദ്യത്തിന് മരുന്ന് തീര്‍ന്നുപോയതിനാല്‍ ആക്രിക്കാര്‍ക്ക് കൊടുത്തുവെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.
നല്കിയ ജ്യൂസിനെ സംബന്ധിച്ചും പെണ്‍കുട്ടിയുടെ മൊഴി ദുരൂഹമാണ്. ആദ്യം പറഞ്ഞ ജ്യൂസ് കമ്പനിയുടെ പേരല്ല പെണ്‍കുട്ടി പിന്നീട് പറയുന്നത്.
ഇതും പോലീസിന് സംശയം ഉണര്‍ത്തുന്നുണ്ട്. അതേസമയം, യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടിനുമായി കാത്തിരിക്കുകയാണ് പോലീസ്.
അകത്ത് വിഷമോ ആസിഡ് പോലുള്ള വിഷവസ്തുക്കളോ ഉണ്ടെന്ന് തെളിഞ്ഞാല്‍ പെണ്‍കുട്ടിയും ബന്ധുക്കളും കേസില്‍ പ്രതികളാക്കപ്പെടും എന്നാണ് സൂചന.
Discussion about this post