തിരുവനന്തപുരം: ആദ്യം നിരാശയായിരുന്നു ഫലമെങ്കിലും ലാഭത്തിലേയ്ക്ക് കുതിച്ച് കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസ്. തുടക്കത്തിൽ ആയിരത്തോളം പേർ മാത്രമായിരുന്നു സർക്കുലർ ബസുകളിൽ യാത്ര ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം മുപ്പത്തി നാലായിരത്തിലധികമായി ഉയർന്നുവെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, യാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വർഷം അൻപതിനായിരമായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 2021 നവംബർ 29നാണ് 64 സിറ്റി സർക്കുലർ സർവിസിന് തുടക്കമിട്ടത്.
ജന്റം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു സർവീസ് തുടങ്ങിയത്. ഈ വർഷം ഓഗസ്റ്റ് ഒന്നു മുതൽ തിരുവനന്തപുരത്ത് 25 പുതിയ ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമാക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഈ തീരുമാനം.