തിരുവനന്തപുരം: പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശനായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്റെ മകന്‍ ജെ പി ഷാരോണ്‍രാജ് ആണ് ചൊവ്വാഴ്ച വൈകിട്ട് മരണപ്പെട്ടത്.
നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയാണ് ഷാരോണ്‍. ഈ മാസം 14ന് രാവിലെയാണ് ഷാരോണ്‍രാജും സുഹൃത്ത് റെജിനും രാമവര്‍മന്‍ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. റെജിനെ പുറത്ത് നിര്‍ത്തി ഷാരോണ്‍ വീടിനുള്ളിലേക്ക് പോവുകയായിരുന്നു.അല്‍പ സമയം കഴിഞ്ഞ് ഛര്‍ദിച്ച് അവശനായി പുറത്തെത്തിയ യുവാവ് പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതായി റെജിനോടു പറഞ്ഞിരുന്നു.
വീട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം റെജിന്‍ ഷാരോണ്‍ രാജിനെ വാഹനത്തില്‍ കയറ്റി വീട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം മാതാവ് വീട്ടില്‍ എത്തിയപ്പോഴാണ് ഷാരോണ്‍രാജ് ഛര്‍ദിച്ച് അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടനെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് മടക്കിഅയച്ചു.
പിന്നാലെ തൊട്ടടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറിയ ഷാരോണ്‍രാജിനെ 17ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി തെളിഞ്ഞു.
പിന്നാലെ അടുത്ത ദിവസങ്ങളില്‍ പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി. ഒന്‍പത് ദിവസത്തിനുള്ളില്‍ അഞ്ച് തവണ ഡയാലിസിസ് നടത്തുകയും ചെയ്തു. പിന്നീട് ഗുരുതരാവസ്ഥയില്‍ ആയതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് മജിസ്‌ട്രേട്ടും ആശുപത്രിയില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു വര്‍ഷമായി പരിചയമുള്ള പെണ്‍കുട്ടിയുടെ വീട്ടിലാണ് ഷാരോണ്‍രാജ് പോയത്. ഇവിടെ നിന്നും കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു.പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍രാജ് വീട്ടിലേക്കു പോയതെന്നും സൂചനകള്‍ ഉണ്ട്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. അതേസമയം, വിഷാംശം അകത്ത് ചെന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പോലീസിനു പരാതി നല്‍കി.
നേരത്തെ കളിയിക്കാവിളയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചതും സമാനമായ സാഹചര്യത്തിലാണ്. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെങ്കിലും മരണത്തിലെ സമാനത പോലീസിനെയും കുഴക്കുന്നുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കവേയാണ് യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ഥി നല്‍കിയ ജ്യൂസ് കഴിച്ച് കുട്ടി അവശനിലയിലായത്. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് കളിയിക്കാവിള മെതുകമ്മല്‍ സ്വദേശി അശ്വിന്‍ (11മരിച്ചത്. ഈ സംഭവത്തില്‍ ജ്യൂസ് നല്‍കിയയാളെ കണ്ടെത്താനായിരുന്നില്ല.