പൊന്നാനി: കഴുത്തിലിട്ട ചങ്ങലയുടെ കുരുക്കിൽ നാവ് കുടുങ്ങി വേദന തിന്ന നായക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. പുന്നയൂർക്കുളം സ്വദേശി തച്ചിയിൽ ശ്രീജിത്തിന്റെ റോട്ട്വീലർ ഇനത്തിൽപ്പെട്ട ഒന്നരവയസ്സുള്ള വളർത്തുനായയുടെ നാവ് ആണ് ചങ്ങലയിൽ കുരുങ്ങിയത്. നായക്കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഉടമ കണ്ടത് വേദന കൊണ്ട് പുളയുന്ന നായയെയാണ്. നാവ് പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.
തുടർന്ന് ചമ്രവട്ടം കടവിനടുത്തുള്ള സ്വകാര്യ മൃഗാശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ ഡോക്ടറാണ് പൊന്നാനിയിലെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. നാവ് നീരുവന്ന് വീർത്ത അവസ്ഥയിൽ ആയതോടെയാണ് തുണയ്ക്ക് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്.
നായയെ മയക്കിക്കിടത്തിയശേഷം സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഗിരീശന്റെ നേതൃത്വത്തിൽ ബാറ്ററി കട്ടർ ഉപയോഗിച്ച് ചങ്ങല മുറിച്ചുമാറ്റിയാണ് നാവ് ചങ്ങലക്കണ്ണിയിൽനിന്ന് വേർപ്പെടുത്തിയത്. അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫീസർ രാധാകൃഷ്ണൻ, രഞ്ജിത്, രൻദീപ്, അജയ് പി. നായർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നായയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ അറിയിച്ചു.
Discussion about this post