സര്‍ക്കാര്‍ ജോലിക്ക് വിലങ്ങുതടി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കള്ളക്കേസ്; സരിന്റെ ഓട്ടോയില്‍ നിന്നും കണ്ടെടുത്തത് മറ്റൊരിടത്ത് നിന്ന് ശേഖരിച്ച മാംസമെന്ന് വാച്ചര്‍

ഇടുക്കി: മ്ലാവിന്റെ ഇറച്ചി കച്ചവടം ചെയ്‌തെന്ന് ആരോപിച്ച് കണ്ണംപടിയില്‍ ആദിവാസി യുവാവായ സരിന്‍ സജിയെ കേസില്‍ പെടുത്തിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയെന്ന് വെളിപ്പെടുത്തി വാച്ചര്‍.

സരിന്‍ സജിയുടെ ഓട്ടോറിക്ഷയില്‍നിന്ന് കണ്ടെടുത്ത മാംസം മറ്റൊരിടത്തുനിന്ന് കണ്ടെത്തിയതാണെന്ന് താത്ക്കാലിക വാച്ചര്‍ മൊഴി നല്‍കുകയായിരുന്നു. സരിന്‍ പിഎസ് സിയുടെ മൂന്ന് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടയാളാണ്. ജോലിയും പ്രതീക്ഷിച്ചിരിക്കെയാണ് ഗുരുതരമായ കുറ്റം ചുമത്തപ്പെട്ടത്. ഇതോടെ ആഗ്രഹിച്ച ജോലി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.

ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കിയതാണെന്ന സരിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തുന്ന കോട്ടയം ഡിവിഷന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നീതു ലക്ഷ്മിക്കാണ് ഇപ്പോള്‍ നിര്‍ണായകമായ മൊഴി വാച്ചര്‍ നല്‍കിയിരിക്കുന്നത്.

പ്രദേശവാസിയുടെ പറമ്പില്‍നിന്ന് കണ്ടെത്തിയ മാംസം പിന്നീട് സരിന്‍ സജിയുടെ ഓട്ടോയില്‍ കൊണ്ടുവയ്ക്കുകയായിരുന്നു എന്ന് വാച്ചര്‍ പറയുന്നു. മാംസം കണ്ടെടുത്തു എന്ന് പറയുന്ന സമയത്ത് ആരോപണ വിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഈ വാച്ചറുമുണ്ടായിരുന്നു.

also read- അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം: കൊല്ലം കൊട്ടാരക്കരയില്‍ യുവഅഭിഭാഷകന് വെടിയേറ്റു, ചികിത്സയില്‍

സെപ്റ്റംബര്‍ 29-നാണ് മ്ലാവിന്റെ ഇറച്ചി വില്‍പ്പന നടത്തി എന്നാരോപിച്ച് ഫോറസ്റ്ററുടെ നേതൃത്വത്തില്‍ സരിന്‍ സജിയെ അറസ്റ്റു ചെയ്തത്. ഇയാളുടെ ഓട്ടോയില്‍നിന്ന് മ്ലാവിന്റേതെന്ന് കരുതുന്ന രണ്ട് കിലോ ഇറച്ചി കിട്ടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടാതെ കസ്റ്റഡിയിലെടുത്ത സരിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ആരോപണ വിധേയനായ കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്ററായ അനില്‍ കുമാറിനെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് സ്ഥലംമാറ്റിയിരുന്നു. കേസില്‍ താന്‍ ആദ്യം നല്‍കിയ മൊഴി അനില്‍ കുമാര്‍ നിര്‍ബന്ധിപ്പിച്ച് പറയിപ്പിച്ചതാണെന്നും വാച്ചര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, വാച്ചറുടെ ഉദ്യോഗസ്ഥനെതിരായ മൊഴി പുറത്തുവന്നതോടെ സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചിരുന്ന ആദിവാസി യുവാവിനെ ചില ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കിയതാണെന്ന വ്യക്തമായിരിക്കുകയാണ്.

ബി.കോം.ബിരുദധാരിയാണ് സരിന്‍. അതിനിടെ, ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനുമുന്നില്‍ സരിന്‍ സജിയുടെ മാതാപിതാക്കള്‍ ഇന്നും നിരാഹാരം കിടക്കുകയാണ്. മൂന്നാം ദിനത്തിലേക്ക് സമരം കടക്കുകയും ചെയ്തു.

ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ കേസ് പിടിക്കുന്നതിനായി കള്ളക്കേസ് എടുക്കുന്നതായി ഇതിനുമുമ്പും ആക്ഷേപം ഉയര്‍ന്നിരുന്നു.

Exit mobile version