കാക്കനാട്: ഏഴ് മാസത്തിനൊടുവിൽ തലച്ചോറിലേക്ക് തുളച്ചു കയറിയ വെടിയുണ്ടകൾ നീക്കം ചെയ്തപ്പോൾ മൂലമറ്റം സ്വദേശി പ്രദീപ്കുമാറിന് തിരിച്ചു കിട്ടിയത് രണ്ടാം ജന്മം. നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന ജീവിതം പ്രദീപിന് തിരിച്ചു നൽകിയതാകട്ടെ കാക്കനാട് സൺറൈസ് ആശുപത്രിയിലെ ഡോക്ടർമാരും. നാല് വെടിയുണ്ടകൾ ആണ് പ്രദീപിന്റെ തലച്ചോറിൽ നിന്നും പുറത്ത് എടുത്തത്.
കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്: ബാര്‍ പോലീസ് അടച്ചുപൂട്ടി
ന്യൂറോ സർജൻ ഡോ.ജെയിൻ ജോർജ്, ന്യൂറോളജിസ്റ്റുമാരായ ഡോ.ജേക്കബ് ചാക്കോ, ഡോ.എം.എം.ഷൈമ, അനസ്തറ്റിസ്റ്റ് ഡോ.പി.ജി.ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇത്തരം ശസ്ത്രക്രിയ രാജ്യത്ത് ആദ്യമാണെന്ന് സൺറൈസ് ആശുപത്രി ചെയർമാൻ ഡോ.ഹഫീസ് റഹ്മാൻ പറയുന്നു. ശസ്ത്രക്രിയയിലൂടെ ഓരോ വെടിയുണ്ടയും പുറത്തെടുക്കുമ്പോൾ ഡോക്ടർമാർ പ്രദീപുമായി സംസാരിച്ചു കൊണ്ടേയിരുന്നു.
തലച്ചോറിനു ചെറിയൊരു പോറലേറ്റാൽ പോലും ഏതെങ്കിലും ഒരു ശേഷിയെ ബാധിക്കുമെന്ന് കണ്ടാണ് പ്രദീപുമായി ആശയ വിനിമയം നടത്തികൊണ്ടിരുന്നത്. മാർച്ച് 26നു രാത്രി മൂലമറ്റത്തു തട്ടുകടയിലെ തർക്കത്തെ തുടർന്നു നാടൻ തോക്കു കൊണ്ടുള്ള വെടിവയ്പ്പിലാണ് അതുവഴി ബൈക്കിൽ പോയ മൂലമറ്റം എലപ്പള്ളി മാളിയേക്കൽ 32 കാരനായ പ്രദീപ്കുമാറിന് വെടിയേറ്റത്. ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്ത സുഹൃത്ത് സനൽ സാബു വെടിയേറ്റു മരണപെട്ടിരുന്നു.
വെടിയേറ്റ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രദീപ്കുമാറിന്റെ തലച്ചോറിലെ വെടിയുണ്ടകൾ പുറത്തെടുക്കാൻ കഴിയാത്ത സ്ഥിതിയിൽ ആയിരുന്നു. സംസാരശേഷിയും ഓർമ ശക്തിയും കാഴ്ചയും നഷ്ടപ്പെട്ട പ്രദീപ്കുമാർ അബോധാവസ്ഥയിലായി. പല ആശുപത്രികളും കയറി ഇറങ്ങിയിട്ടും രക്ഷയില്ല. ഒടുവിൽ ആണ് സൺറൈസ് ആശുപത്രിയിൽ എത്തിയത്. ഈ പ്രതീക്ഷ തെറ്റിയില്ലെന്ന് പറയുകയാണ് കുടുംബം.