തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്ത് തനിക്കെതിരെ നടപടി കൊക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍.
ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. ഗവര്‍ണര്‍ക്കെതിരെ ഒരു തരത്തിലുള്ള വിമര്‍ശനവും മന്ത്രി നടത്തിയില്ല. താന്‍ ഗവര്‍ണര്‍ അയച്ച കത്ത് കണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാട് നേരിട്ടാണ്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാപരമായ കാര്യങ്ങള്‍ കത്തിലുണ്ട്. ഇന്ത്യയില്‍ തന്നെ ഇത്രയും സംഭവങ്ങള്‍ ഉണ്ടോ എന്നറിയില്ല. പറഞ്ഞതിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. ഞാന്‍ ഇതിനകത്ത് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും കെഎന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തുകയായിരുന്നു. മന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയായിരുന്നു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
അതേസമയം, ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് തള്ളി. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്കി.
നേരത്തെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെഎന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് അപ്രീതിക്ക് കാരണമെന്നാണ് സൂചന. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്നാണ് ധനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നത്. ഇക്കാര്യം ഗവര്‍ണറെ പ്രകോപിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post