ആലപ്പുഴ: പഠിക്കുന്ന കാലത്ത് കൂട്ടുകാർക്കൊപ്പം കളിക്കാനും ഒരുമിച്ചിരുന്ന് പഠിക്കാനും എല്ലാം ആഗ്രഹിക്കുന്ന കുട്ടികളായിരിക്കും ഭൂരിഭാഗം. സ്കൂൾ വിട്ടാൽ വീട്ടിലേയ്ക്ക് ഓടിയെത്തി അമ്മ വെച്ചുണ്ടാക്കിയ പലഹാരങ്ങളും കഴിച്ച് കളിക്കാൻ ഓടുന്ന കുട്ടികളും അനവധിയാണ്. എന്നാൽ പ്ലസ് ടു വിദ്യാർത്ഥിനിയായ വിനിഷയ്ക്ക് ഇതിനൊന്നും നേരമില്ല. സ്കൂൾ വിട്ടാൽ നേരെ എത്തുന്നത് ചേർത്തലയിലെ കണിച്ചുകുളങ്ങര സ്കൂളിന് സമീപം തന്നെ കപ്പലണ്ടി കച്ചവടത്തിനാണ്.
സ്വന്തം സ്കൂളിന് മുൻപിലാണ് ഈ പെൺകുട്ടി ഉപജീവനത്തിനായി കപ്പലണ്ടി കച്ചവടം നടത്തുന്നത്. രാത്രി എട്ടുവരെയാണ് ചൂടേറുന്ന കപ്പലണ്ടി വിനിഷ വിൽപ്പന നടത്തുന്നത്. വിനിഷയുടെ അച്ഛൻ കൂലിപ്പണിക്കാരനാണ്, അമ്മ പാർവതിയും കപ്പലണ്ടി കച്ചവടം തന്നെയാണ് ചെയ്യുന്നത്. ഇവർക്ക് സ്വന്തമായി വീടില്ല. പഠിക്കാനും പണം കണ്ടെത്തേണ്ടതുണ്ട്.
ഇതെല്ലാം കണ്ടാണ് വീടിന്റെ ഭാരം വിനിഷ കൂടി തോളിലേറ്റിയത്. അധികം നേരം നിന്നാൽ കാല് വേദനകൊണ്ടു പുളയുന്ന അമ്മക്ക് സഹായമായി തുടങ്ങിയതാണ് വിനിഷ ഈ ജോലി. പിന്നീട് കച്ചവടം സ്ഥിരം ജോലിയായി മാറുകയായിരുന്നു. വൈകിട്ട് നാലരക്ക് തുടങ്ങിയാൽ മടങ്ങുന്നത് രാത്രി എട്ടിനായിരിക്കും. വീട്ടിൽ എത്തിയിട്ട് വേണം വിനിഷയ്ക്ക് പഠിക്കാൻ. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ വഴിയെ പോകുന്ന ചിലർക്ക് ഇത് വെറും തമാശ മാത്രമെന്നാണ് വിനിഷ പറയുന്നത്.
Discussion about this post