കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം ജനപ്രതിനിധികള്‍ക്ക് അനുവദിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അര്‍ഹരായവര്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ശമ്പള പ്രതിസന്ധിയിലെ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. കെഎസ്ആര്‍ടിസി വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കെ എന്തിനാണ് ജനപ്രതിനിധികള്‍ക്ക് സൗജന്യപാസ് നല്‍കുന്നത് എന്നും കോടതി ചോദിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും അംഗപരിമിതര്‍ക്കും സാമ്പത്തികമായി വളരെ താഴെത്തട്ടില്‍ നില്‍ക്കുന്നവര്‍ക്കും മാത്രമായി സൗജന്യ യാത്രാപാസ് ചുരുക്കണം. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യങ്ങള്‍ അനുവദിച്ച് എന്തിനാണ് വരുമാന നഷ്ടമുണ്ടാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.