തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്ക് എതിരെ സ്വപ്ന സുരേഷ് തുടരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനിടെ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.
മൂന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പറയാതെ ആക്ഷേപം ഇപ്പോള്‍ ബോധപൂര്‍വം ഉയര്‍ത്തുകയാണ് എന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. കൂടാതെ, പാര്‍ട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വപ്‌നയുടെ പുസ്തകത്തിലെ പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാന്‍ അഭിമുഖത്തിനിടയില്‍ ശ്രമമുണ്ടായി. കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീയാണ് സ്വപ്നയെന്നും കടകംപള്ളി പറഞ്ഞു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്‌നയെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നല്ലാതെ മറ്റെല്ലാം ആരോപണങ്ങള്‍ മാത്രമാണ്. പ്രവാസികളെ സംബന്ധിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ജനപ്രതിനിധികള്‍ക്ക് ഒപ്പം സ്വപ്നയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് സ്വപ്നയുടെ വീടാണെന്ന് പോലും അറിഞ്ഞത്. വീട്ടിലേക്ക് കയറി അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ ചായ കുടിച്ചു മടങ്ങി. ഫോട്ടോ എടുത്തപ്പോള്‍ സ്വപ്നയെ ചേര്‍ത്ത് നിര്‍ത്തിയെന്ന ആരോപണം തെറ്റാണെന്നും കടകംപള്ളി പറഞ്ഞു. തോമസ് ഐസക്കും പി ശ്രീരാമകൃഷ്ണനും സ്വപ്നയുടെ ആരോപണം നിഷേധിച്ചിട്ടുണ്ട്.