പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് സിപിഎം. ഷാജഹാന്റെ കുടുംബത്തിനുള്ള സഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. സിപിഎം സമാഹരിച്ച 35 ലക്ഷം രൂപയാണ് ഷാജഹാന്റെ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങിയത്.
പാലക്കാട് ചന്ദ്രനഗറില്‍ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങില്‍ വച്ചാണ് ഷാജഹാന്റെ കുടുംബത്തിനുള്ള സഹായ ഫണ്ട് അദ്ദേഹം കൈമാറിയത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുന്നതിനിടെയാണ് കേരളത്തെ ഒന്നാകെ നടുക്കിയ കൊലപാതക വാര്‍ത്ത പുറത്ത് വന്നത്. സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിനം അലങ്കാര പണികള്‍ക്കിടെയാണ് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. വീട്ടിലേക്ക് പോകുന്ന വഴി ഇരുളില്‍ പതിയിരുന്ന സംഘം മൃഗീയമായാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്.
ആക്രമണത്തില്‍ ഷാജഹാന്റൈ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഷാജഹാന്റെ കൊലപാതകം വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആദ്യം വിശദീകരിച്ച പോലീസ്, പിന്നീട് രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കിയിരുന്നു.