തിരുവനന്തപുരം: ഇന്ന് രാവിലെ 11.30യ്ക്കകം രാജിവെയ്ക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തെ തള്ളി ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍. ഗവര്‍ണര്‍ നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ രാജി സമര്‍പ്പിക്കാന്‍ ഒമ്പതുപേരും തയ്യാറായില്ല. പിന്നാലെ ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലയിലെയും വിസിമാരോടാണ് രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചത്.
എന്നാല്‍, അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയ വിസിമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിക്ക് സര്‍വകലാശാല കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
സുപ്രീംകോടതി ഉത്തരവ് വ്യാഖ്യാനിച്ച്, വിസിമാര്‍ രാജിവെച്ച് ഒഴിയാത്ത സാഹചര്യത്തില്‍ വിസിമാരെ പുറത്താക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് കാണിച്ച് പുറത്താക്കല്‍ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്നാണ് രാജ്ഭവനില്‍ നിന്നും പുറത്തുവരുന്ന സൂചന.