തിരുവനന്തപുരം: സംസ്ഥാനത്തെ 9 സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അസാധാരണ നിര്‍ദേശം നല്‍കിയതിനു പിന്നാലെ രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി നോട്ടിസ് നല്‍കാന്‍ രാജ്ഭവന്‍ നീക്കം.
കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസി, ശ്രീനാരായണ സര്‍വകലാശാല വിസി എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കുക. സര്‍ക്കാര്‍ നേരിട്ട് നിയമിച്ച വിസിമാരാണ് ഇവര്‍. ഈ സര്‍വകലാശാലകള്‍ക്ക് യുജിസി അംഗീകാരം ലഭിച്ചിരുന്നു. അതിനാല്‍ യുജിസി മാനദണ്ഡം പാലിച്ച് നിയമനം നടത്തണമെന്നാണു ഗവര്‍ണറുടെ വാദം.
also read; ‘രാജിവയ്ക്കില്ല, വേണമെങ്കില്‍ പിരിച്ചുവിടാം’: ഗവര്‍ണറുടെ ആവശ്യം തള്ളി കണ്ണൂര്‍ വിസി
കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്), എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവയിലെ വിസിമാര്‍ക്കാണ് രാജി നല്‍കാന്‍ രാജ്ഭവന്‍ അടിയന്തര നിര്‍ദേശം നല്‍കിയത്.
സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമേ 5 സര്‍വകലാശാലകളിലെ വിസിമാരെയും നിയമിച്ചത് പാനല്‍ ഇല്ലാതെയാണ്. മറ്റുള്ളവരുടെ നിയമനത്തിന് പാനല്‍ ഉണ്ടായിരുന്നെങ്കിലും സേര്‍ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായി ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.
സാങ്കേതിക സര്‍വകലാശാലാ വിസി ഡോ. എംഎസ് രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചാണ് വിസിമാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. സാങ്കേതിക സര്‍വകലാശാലാ വിസി ഡോ. എംഎസ് രാജശ്രീയ്ക്കു പകരം കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥിന് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയതിനു പിന്നാലെയാണ് ഗവര്‍ണറുടെ നീക്കം.