കോട്ടയം: മണ്ണുമാന്തി യന്ത്രം തട്ടി ശുദ്ധജല പൈപ്പ് ലൈൻ തകർന്നു. മെഡിക്കൽ കോളേജിലേയ്ക്കുള്ള ശുദ്ധജല പൈപ്പ് ലൈൻ ആണ് റോഡ് നിർമ്മാണത്തിനിടെ ജീവനക്കാരുടെ അശ്രദ്ധ മൂലം തകർന്നത്. പത്ത് ലക്ഷം ലീറ്ററിലധികമാണ് വെള്ളം പാഴായത്. അതേസമയം, രണ്ട് ദിവസം കൊണ്ട് തീർക്കേണ്ട ജോലി 4 മണിക്കൂറിനുള്ളിൽ ജല അതോറിറ്റി പരിഹരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡ് നവീകരണത്തിന് ഭാഗമായുള്ള പണികൾക്കിടെയാണ് ജല അതോറിറ്റിയുടെ ചെമ്മനം പടി ഭാഗത്ത് പൈപ്പ് തകർന്നത്. അയ്മനം, പേരൂർ പൂവത്തുംമൂട് എന്നിവിടങ്ങളിൽ നിന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ശുദ്ധജലം എത്തുന്നത്.
ഇതിൽ പേരൂരിലെ പൂവത്തുംമൂട് പമ്പ് ഹൗസിൽ നിന്നും മെഡിക്കൽ കോളേജിലെ ടാങ്കിലേക്കു ബന്ധിപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പാണ് തകർന്നത്. മണ്ണ് എടുക്കുന്നതിനിടെ ജെസിബിയുടെ കൈ വാൽവിൽ തട്ടി പൈപ്പ് തകരുകയായിരുന്നു. ശേഷം 20 അടിയോളം ഉയരത്തിൽ വെള്ളം ചീറ്റി. ഗതാഗതം പോലും തടസപ്പെടുത്തികൊണ്ടായിരുന്നു വെള്ളം ചീറ്റിയത്. പ്രദേശത്ത് വലിയ വെള്ളക്കെട്ടും രൂപപ്പെട്ടു. ശേഷം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ജല അതോറിറ്റി പമ്പിംഗ് നിർത്തി വെച്ചു.
മെഡിക്കൽ കോളേജ് ഭാഗത്തെ ജല വിതരണം തടസ്സപ്പെടാതിരിക്കാൻ അയ്മനത്തെ പമ്പ് ഹൗസിൽ നിന്നും വെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിനു ശേഷമായിരുന്നു അറ്റകുറ്റ പണി നടത്തിയത്. ഈ ഭാഗത്തേക്കുള്ള വാൽവ് അടച്ചിട്ടും വെള്ളം വരുന്നതിന് കുറവുണ്ടായിരുന്നില്ല. തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി 2 ദിവസം കൊണ്ട് തീർക്കേണ്ട ജോലികൾ നാലു മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കി ജല വിതരണം പുനഃസ്ഥാപിക്കുകയായിരുന്നു.
പാഴായ ജലത്തിനും പ്രധാന പൈപ്പിലുണ്ടായ അറ്റകുറ്റ പണികൾക്കുമായി കെഎസ്ടിപിയിൽ നിന്നും നഷ്ടപരിഹാര തുക ഈടാക്കാനാണ് ജല അതോറിറ്റിയുടെ തീരുമാനം. കോട്ടയം ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എൻ.ഐ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകൾക്കുള്ളിൽ പരാതി പരിഹരിച്ചത്.