കൊച്ചി: പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ കെപിസിസിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണ് എല്‍ദോസിനെ സസ്പെന്‍ഡ് ചെയ്തതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് എല്‍ദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അദ്ദേഹം കെപിസിസിക്ക് സമര്‍പ്പിച്ച വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ല. ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ല എന്ന ഒരഅഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടി അനിവാര്യമാണെന്ന് പാര്‍ട്ടി കരുതുന്നു എന്ന് വിശദീകരണകുറിപ്പില്‍ കെപിസിസി വ്യക്തമാക്കി.
ബഹു. കോടതിയുടെ ജാമ്യ ഉത്തരവില്‍ കോടതി അദ്ദേഹത്തിനു നല്‍കിയ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലും, നിയോജക മണ്ഡലം ജനപ്രതിനിധി എന്ന നിലയിലും പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന അവകാശം നിലനിര്‍ത്തി, കെപിസിസി അംഗം എന്ന നിലയില്‍ കെപിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ആറ് മാസക്കാലത്തേക്ക് അദ്ദേഹത്തെ സസ്പെന്റ് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. ആറ് മാസക്കാലം നിരീക്ഷണ കാലയളവായിരിക്കും. തുടര്‍നടപടി അതനുസരിച്ച് പാര്‍ട്ടി തീരുമാനിക്കും.”