പമ്പ: സ്ത്രീ പ്രവേശനം തടയാനെന്ന പേരില്‍ ശബരിമലയിലെ ആക്രമണം അഴിച്ചുവിടുന്നത് ആസൂത്രിതമാണെന്ന് പോലീസ്. അയ്യപ്പ ഭക്തരെന്ന വ്യാജേന എത്തുന്നവരാണ് പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയതെന്നും പോലീസ് പറയുന്നു.
ഭക്തരുടെ അടക്കം വാഹനം തടഞ്ഞ് പരിശോധിച്ചതും പോലീസിനെ കല്ലെറിഞ്ഞും കലാപം ഉണ്ടാക്കാനായി ആസൂത്രിത നീക്കം നടത്തുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. നിലവില്‍ ഇന്റലിജന്‍സിന്റെ നിഗമനവും ഇത് തന്നെയാണ്. മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് അന്വേഷിക്കുമെന്ന് ഇന്നലെ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ നിലയ്ക്കലിലും പമ്പയിലും സംഘര്‍ഷം നടത്തിയ പതിനഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പതിമൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച് നിരോധനജ്ഞ നട അടയ്ക്കുന്നത് വരെ നീട്ടാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
അതിനിടെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആര്‍എസ്എസ് നേതാവിന്റെ ശബ്ദസന്ദേശം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടു. ശബരിമലയില്‍ കലാപം അഴിച്ചുവിടാനുള്ള ആര്‍എസ്എസിന്റെ ആസൂത്രിത ശ്രമമാണിതെന്ന് അദ്ദേഹവും ആശങ്കപ്രകടിപ്പിച്ചു.