ചിറയിൻകീഴ്: 22 വർഷത്തെ തടവിനുശേഷം ജയിലിൽ നിന്നും ഇറങ്ങിയ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ പഴക്കച്ചവടം നടത്തും. ആറ്റിങ്ങലിൽ ആണ് പഴക്കച്ചവടക്കാരനായി മണിച്ചൻ ജീവിക്കാൻ പോകുന്നത്. 32 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യദുരന്തത്തിലെ പ്രധാന പ്രതിയായ മണിച്ചന്, സുപ്രീംകോടതിയുടെ ഇടപെടലിലാണ് പുറംലോകത്തേയ്ക്ക് എത്താൻ സാധിച്ചത്.
നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നുമിറങ്ങിയ മണിച്ചനെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും ഒന്നടങ്കം എത്തിയിരുന്നു. ശേഷം, കൂന്തള്ളൂരിൽ ഭാര്യ ഉഷയുടെ സഹോദരി കുഞ്ഞുമോളുടെ വസതിയിലേയ്ക്കാണ് മണിച്ചനെത്തിയത്. ഭാര്യ ഉഷ, മകൾ റാണി എന്നിവർക്കൊപ്പം അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.
”ഇനി ഒന്നും പറയാനില്ലെന്നും തന്നെ മോചിപ്പിച്ച ജയിൽ അധികൃതർക്കും തനിക്കുവേണ്ടി വാദിച്ച വക്കീലിനോടും എല്ലാറ്റിലുമുപരി ഈശ്വരനോടും നന്ദിയുണ്ടെന്നും” മണിച്ചൻ പറയുന്നു. മണിച്ചന്റെ വീട്ടിലേയ്ക്കുള്ള വരവ് മധുരം വിളമ്പിയാണ് കുടുംബം ആഘോഷിച്ചത്. മണിച്ചൻ കൂടുതൽ ക്ഷീണിതനാണെന്നും മറ്റൊന്നും പറയാനില്ലെന്ന് ബന്ധുക്കളും പ്രതികരിച്ചു.
ആറ്റിങ്ങലിലുള്ള പഴക്കട നന്നായി നോക്കിനടത്തി ജീവിക്കുകയാണ് ഇനിയുള്ള കാലമെന്ന് മണിച്ചനും കുടുംബവും നേരത്തെതന്നെ പറഞ്ഞിരുന്നു. നേരത്തെ പരോളിൽ ഇറങ്ങിയ സമയത്ത് കട ആരംഭിച്ചിരുന്നു. കടനടത്തിപ്പിൽ മകൻ പ്രവീണും മണിച്ചനെ സഹായിക്കാനായി കൂടം.