തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന് കെ വി അശ്വിന് (24) ആണ് മരിച്ചത്. അശ്വിന് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന് നഷ്ടമായത്.
നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന് സൈന്യത്തില്‍ ജോലിക്ക് കയറിയത്. നാട്ടില്‍ അവധിക്ക് വന്ന അശ്വിന് ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടില്‍ അറിയിച്ചത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന.
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാംഗ് മിഗ്ഗിംഗ് ഗ്രാമത്തില്‍ റോഡ് സൗകര്യമില്ലാത്ത പ്രദേശത്താണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. എച്ച്എഎല്‍ രുദ്ര എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ ആണ് തകര്‍ന്നത്.
ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റര്‍ നിര്‍മ്മിച്ച ആക്രമണ ഹെലികോപ്ടറാണ് രുദ്ര. ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറിന്റെ വെപ്പണ്‍ സിസ്റ്റം ഇന്റഗ്രേറ്റഡ് വേരിയന്റാണിത്.
ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശിലുണ്ടാകുന്നത്.
Discussion about this post