കോഴിക്കോട്: യുവതിയുടെ വയറ്റില്‍ നിന്ന് അഞ്ചു വര്‍ഷത്തിന് ശേഷം പുറത്തെടുത്ത കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ളതാകാന്‍
സാധ്യതയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയക്ക് ഉപയോഗിച്ച ഉപകരണങ്ങളൊന്നും നഷ്ടമായിട്ടില്ല. കണക്കെടുപ്പില്‍ എല്ലാ ഉപകരണങ്ങളും കൃത്യമായി രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവതിയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, അന്ന് ജോലിയിലുണ്ടായിരുന്ന ജീവനക്കാര്‍ എന്നിവരുടെ മൊഴി മൂന്നംഗ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതല്‍ അന്വേഷണം ആരംഭിക്കും.
വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ജോയിന്റ് ഡയറക്ടര്‍ നഴ്സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു.
പ്രസവ ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ വയറ്റില്‍ കത്രിക അകപ്പെട്ടത്.
താമരശ്ശേരി സ്വദേശിയായ ഹര്‍ഷീന അഷ്റഫ് എന്ന യുവതിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. അഞ്ച് വര്‍ഷമായി ശസ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക ഉളളതായി കണ്ടെത്തിയത്.
2017 നവംബര്‍ 30നാണ് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷീനയ്ക്ക് അവശതയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രിക കുടുങ്ങികിടക്കുന്നത് കണ്ടെത്തിയത്.