കോതമംഗലം: പിണവൂര്‍കുടി ആദിവാസി മേഖലയിലെ കിണറ്റില്‍ വീണ ആനക്കുട്ടിയും ആനക്കൂട്ടവും പരിസരത്ത് പരിഭ്രാന്ത്രി പടര്‍ത്തി. ഏറെ നേരം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ കിണറ്റില്‍ വീണ കുട്ടിക്കൊമ്പനെ വനപാലകര്‍ എത്തി രക്ഷപ്പെടുത്തി. കരയ്ക്കുകയറ്റിയ ആനക്കുട്ടനാകട്ടെ കൂടി നിന്ന ആളുകള്‍ക്ക് നേരെ ചീറിയടുത്താണ് ‘നന്ദി’ പ്രകടിപ്പിച്ചത്. ജനങ്ങള്‍ ചിതറിയോടിയതും ആശങ്കയ്ക്കിടയാക്കി.
നേര്യമംഗലം റേഞ്ച് ഇഞ്ചത്തൊട്ടി സ്റ്റേഷന് പരിധിയില്‍പ്പെടുന്ന വെളിയത്തുപറമ്പ് ഭാഗത്ത് വനത്തോട് ചേര്‍ന്ന പ്രദേശത്ത് താമസിക്കുന്ന മുളക്കുളത്ത് കുര്യാക്കോസിന്റെ റബ്ബര്‍ത്തോട്ടത്തില്‍ കാടുമൂടിയ ഉപയോഗശൂന്യമായ കിണറ്റിലാണ് അഞ്ചു വയസ്സുള്ള ആനക്കുട്ടന് വീണത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചുറ്റുമതിലില്ലാത്ത ഉദ്ദേശം ഏഴ് അടിയോളം താഴ്ചയുള്ള കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. അസാധാരണമായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട് എത്തിയ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ കുട്ടി ആന വീണത് കണ്ടെത്തിയത്.
സമീപത്ത് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതു കാരണം രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ക്ക് സമീപത്തേയ്ക്ക് എത്താനും സാധിച്ചില്ല. ഉരുളന്തണ്ണി ഫോറസ്റ്റ് സ്റ്റേഷനില്‍ ഉടന്‍ വിവരം അറിയിച്ച് വനപാലകര്‍ എത്തിയെങ്കിലും ഇരുട്ടും പരിസരത്ത് ആനകളുടെ സാന്നിധ്യവും കാരണം രക്ഷാപ്രവര്‍ത്തനശ്രമം ഉപേക്ഷിച്ചു. കിണറ്റില്‍ വീണ കുട്ടിക്കൊമ്പനാകട്ടെ സ്വയം കരയ്ക്കുകയറാനായി കിണറിന്റെ അരികിടിച്ചും വെള്ളം കലക്കി മറിച്ചു പരാക്രമവും നടത്തി. ചിന്നംവിളികേട്ട് പലതവണ ആനക്കൂട്ടം കിണറിന് സമീപത്തെത്തി കരയ്ക്കുകയറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.രാത്രി കൃഷിയിടങ്ങളില്‍ ആനക്കൂട്ടമിറങ്ങുന്നത് പ്രദേശത്ത് പതിവാണ്. ഇങ്ങനെയെത്തിയ കൂട്ടത്തില്‍പ്പെട്ട ആനയാണ് കിണറ്റില്‍ വീണത്.
കരയ്ക്ക് കയറാനുള്ള ആനയുടെ വെപ്രാളത്തില്‍ കിണര്‍ ചെളിക്കുണ്ടായി മാറി. രാവിലെയായതോടെ ആന ക്ഷീണിതനുമായി. തിങ്കളാഴ്ച ഉച്ചയോടെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കിണറിന്റെ ഒരുവശം ഇടിച്ച് ആനയ്ക്ക് കയറാവുന്നവിധം വഴിച്ചാലുണ്ടാക്കുകയായിരുന്നു. ആളുകള്‍ കിണറിന്റെ വശമിടിക്കുമ്പോള് കുട്ടിക്കൊമ്പന് ക്ഷമയോടെ കാത്തിരുന്നു. ഇടയ്ക്ക് തുമ്പിക്കൈ ഉയര്‍ത്തി എങ്ങനെയും കരയ്ക്കുകയറാന്‍ ധൃതിപിടിച്ച് ശ്രമം നടത്തുന്നത് കാണാമായിരുന്നു. ഉച്ചയ്ക്ക് 1.30-ന് മണ്ണിടിച്ചുണ്ടാക്കിയ ചാലിലൂടെ കൈകള്‍ കയറ്റി മുന്നോട്ടാഞ്ഞ് അല്‍പ്പം ക്ലേശിച്ചാണെങ്കിലും ഒടുവില്‍ കരയ്ക്കുകയറാന്‍ കൊമ്പന് കഴിഞ്ഞു.
ആന കരയ്ക്ക് കയറും മുമ്പ് വനപാലകര്‍ ജനക്കൂട്ടത്തെ മാറ്റിനിര്‍ത്തിയിരുന്നു. കരയ്ക്കുകയറിയ കൊമ്പന് തുമ്പിക്കൈ ഉയര്‍ത്തി ചിന്നംവിളിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞു. ആനക്കുട്ടന്റെ വരവു കാത്തുനിന്ന ആനക്കൂട്ടം ഇതോടെ കാടിന് വെളിയിലേക്ക് ഇറങ്ങിവന്ന് ചിന്നംവിളിച്ച് വരവേറ്റ് കാട്ടിലേക്ക് മടങ്ങി.
ആനക്കുട്ടന് കിണറിന് മുകളിലേക്ക് കയറി ജനക്കൂട്ടത്തിന് നേരെ തിരിഞ്ഞത് ആക്രമിക്കാനാണെന്ന് കരുതി രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചിതറിയോടി. എന്നാല്‍, ആക്രമണത്തിനൊന്നും മുതിരാതെയാണ് ആന ഓടിയത്. ഉരുളന്തണ്ണി ഫോറസ്റ്റ് സ്റ്റേഷന് ഫോറസ്റ്റര്‍ ടികെ മുഹമ്മദ് അഷറഫ്, ബിഎഫ്ഒ ഉമ്മര്‍ എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post