പാലക്കാട്: കഞ്ചിക്കോട് സ്റ്റേഷനും ജീവനക്കാരും പകൽപോലെ സുരക്ഷിതമാണ്. രാത്രിയിൽ ഏത് സമയത്ത് വേണമെങ്കിലും ട്രെയിനിന് സിഗ്നൽ നൽകാൻ വനിതാ ജീവനക്കാർക്ക് തെല്ലും ഭയമില്ലാതെ പുറത്തിറങ്ങാം. കാരണം സ്റ്റേഷന്റെ കാവൽ ചുമതല ഏറ്റെടുത്ത് ബ്ലാക്കി എന്ന നായക്കുട്ടി എന്നും കൂടെയുണ്ട്. കഞ്ചിക്കോട് റെയിൽവേസ്റ്റേഷനിൽ 14 വർഷംമുമ്പാണ് ഒരു പട്ടിക്കുട്ടിയെത്തിയത്.
കറുത്തരോമങ്ങൾ നിറഞ്ഞ അവളെ അന്നത്തെ ജീവനക്കാർ ‘ബ്ലാക്കി’യെന്ന് വിളിച്ചു. പിന്നീട് റെയിൽവേ സ്റ്റേഷന്റെ ഭാഗമായി ബ്ലാക്കി മാറുകയായിരുന്നു. ഇപ്പോൾ സ്റ്റേഷന്റെ തികഞ്ഞ കാവൽക്കാരിയാണ്. ഓപ്പറേറ്റിങ് വിഭാഗത്തിൽ രണ്ട് വനിതകളും രണ്ട് പുരുഷന്മാരുമായി നാല് ജീവനക്കാരാണുള്ളത്. ഇവരിൽ ആരെങ്കിലും പ്ലാറ്റ്ഫോമിലേക്കിറങ്ങിയാൽ ബ്ലാക്കിയും ഉഷാറാകും.
പരിശോധനയ്ക്കായി ഒരു കിലോമീറ്ററോളം ടോർച്ചുവെളിച്ചത്തിൽ മുന്നിൽ നടക്കും. ബ്ലാക്കി ഒപ്പമുണ്ടെങ്കിൽ തങ്ങൾക്കും പേടിയില്ലെന്ന് ജീവനക്കാരും പറയുന്നു. കൂടാതെ, വനിതകളാണ് ഒപ്പമെങ്കിൽ ബ്ലാക്കിയുടെ ശ്രദ്ധ കുറച്ച് കൂടും.
പൊതുവേ ആൾപ്പെരുമാറ്റം കുറഞ്ഞ കഞ്ചിക്കോട് റെയിൽവേസ്റ്റേഷനിൽ രാത്രി ജോലിചെയ്യാൻ ഇവർക്കാർക്കും ഇപ്പോൾ ധൈര്യത്തിന് യാതൊരു കുറവില്ല. ആര് പുതുതായി സ്റ്റേഷനിൽ ജോലിക്കുകയറിയാലും പെട്ടെന്ന് പരിചയമുണ്ടാക്കും. പിന്നെ അവരുടെയും കാവലാണിവൾ. യാത്രക്കാർക്ക് ആരും തന്നെ ബ്ലാക്കി ഉപദ്രവക്കാരിയല്ല. സ്ഥിരം യാത്രക്കാർ ബ്ലാക്കിയുടെ കൂട്ടാളികളുമാണ്.