തിരുവനന്തപുരം: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കമലേശ്വരം വലിയവീട് ലെയ്ൻ ക്രസന്റ് അപ്പാർട്ട്മെന്റിൽ 52കാരനായ കമാൽ റാഫി, ഭാര്യ 42കാരി തസ്നീം എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരുടെയും മരണ വാർത്ത പുറംലോകം അറിഞ്ഞത്. ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലാണ് കമാൽ താമസിക്കുന്നത്.
‘തെങ്ങില്‍ ഉണങ്ങിയ തേങ്ങയും ഓലയുമുണ്ട്’: പത്മയുടെ ഫോണ്‍ തിരയുന്ന പോലീസ് ഭഗവല്‍ സിംഗിന്റെ കരുതല്‍
ഉച്ചയോടെ മുകളിൽനിന്ന് വലിയ ശബ്ദം കേട്ടതായി താമസക്കാർ വെളിപ്പെടുത്തി. മരിച്ച ദമ്പതിമാരുടെ മകൻ കോളേജിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ഖലീഫാ ബി.ബി.എ.യ്ക്ക് പഠിക്കുകയാണ്. വൈകീട്ടാണ് ഖലീഫാ എത്തിയത്. ഫ്‌ളാറ്റിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഏറെനേരം വിളിച്ചെങ്കിലും അകത്ത് നിന്നും പ്രതികരണമുണ്ടായില്ല. ഒടുവിൽ അയൽക്കാരെയും പോലീസിനെയും ബന്ധുക്കളെയും വിളിച്ച് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ദുരന്തം കണ്ടത്. തസ്നീം കിടപ്പുമുറിയിൽ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവരുടെ കഴുത്തിൽ കയർ ചുറ്റിയ നിലയിലാണ്. ഇതേ കയറിന്റെ അറ്റംകൊണ്ടാണ് കമാൽ റാഫി ശൗചാലയത്തിലെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ചത്.
കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. പരിശോധനയിൽ മുറിയിൽ നിന്നും കമാൽ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് അന്വേഷണം നടത്തി വിരകയാണെന്ന് പോലീസ് അറിയിച്ചു. കാറുകളുടെ സ്പെയർ പാർട്സ് കട നടത്തുന്ന കമാൽ റാഫി കന്യാകുമാരി തേങ്ങാപ്പട്ടണം സ്വദേശിയാണ്.
വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും രാത്രിയോടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് വ്യാഴാഴ്ച മാറ്റും. മക്കൾ : ഖലീഫാ, ധനൂറ (ബിരുദ വിദ്യാർഥി), ദൈയ്സീറ (പത്താംക്ലാസ് വിദ്യാർഥി).