കൊച്ചി: പാലക്കാട് വടക്കഞ്ചേരിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ചുണ്ടായ അപകടത്തിന് കാരണക്കാരനായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെ സംരക്ഷിക്കുന്ന പരക്തപരിശോധനാഫലം പുറത്ത്. ജോമോന്റെ രക്തത്തില്‍ ലഹരിയുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന് പരിശോധനാഫലത്തില്‍ പറയുന്നു. കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, 5 കുട്ടികളുള്‍പ്പടെ മരിച്ച അപകടം നടന്ന് 23 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ജോമോന്റെ രക്തം പരിശോധനയ്ക്കായി ശേഖരിച്ചതെന്നും ആക്ഷേപമുണ്ട്. വൈകി ശേഖരിച്ച സാംപിളില്‍ നിന്നും ലഹരിയുടെ സാന്നിധ്യം കണ്ടെത്തുക അസാധ്യമാണ്. അപകടത്തിന് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച ജോമോനെ ലഹരിപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നില്ല. ഇതിന് എതിരേ വ്യാപകമായ ആക്ഷേപവും ഉയര്‍ന്നിരുന്നു.
എറണാകുളത്ത് നിന്നും സ്‌കൂളില്‍ നിന്നും വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് വെച്ചാണ് കെ.എസ്.ആര്‍.ടി.സി ബസിന് പിന്നിലിടിച്ച് മറിഞ്ഞത്. സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി വിനോദയാത്ര പോവുകയായിരുന്നു ബസ്. അഞ്ച് കുട്ടികളും ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്ന് യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ചത്.
അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചിരുന്നു. അപകടത്തിനു പിന്നാലെ പോലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയില്‍ എത്തി ചികിത്സ തേടിയതിനു പിന്നാലെ പുലര്‍ച്ചെയാണ് ജോമോന്‍ മുങ്ങിയത് പിന്നീട് കൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇതിനുശേഷമായിരുന്നു രക്തം പരിശോധനയ്ക്കായി ശേഖരിച്ചത്.