തിരുവനന്തപുരം: അനുപമയുടെയും അജിത്തിന്റെയും കുഞ്ഞ് എയ്ഡന് ഇന്ന് രണ്ടാം പിറന്നാള്‍. അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു നല്‍കി ഏറെ നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കുന്നത്.
പിറന്ന് ഒരു വയസ്സിന് ശേഷമാണ് കുഞ്ഞ് പെറ്റമ്മയായ അനുപമയുടെ കൈകളിലേക്ക് എത്തുന്നത്. അച്ഛനമ്മമാരുടെ കൈകളിലേക്കെത്തിയ ആദ്യത്തെ പിറന്നാള്‍ ആണ് എയ്ഡന് ഇത്.
നിയമപോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും, പ്രാര്‍ഥിച്ചവര്‍ക്കും, സമര പരിപാടികള്‍ക്ക് പങ്കാളിയായവര്‍ക്കും നന്ദി പറഞ്ഞാണ് അനുപമയും അജിത്തും മകന്റെ പിറന്നാള്‍ ആഘോഷമാക്കിയത്.
ഒന്നാം പിറന്നാളിന് കുഞ്ഞ് അമ്മയ്ക്കും അച്ഛനുമൊപ്പമായിരുന്നില്ല. ദത്തെടുത്ത ദമ്പതികള്‍ക്കൊപ്പമായിരുന്നു എയ്ഡന്‍. ഒന്നാം പിറന്നാളും കടന്നു ഒരു മാസം കഴിഞ്ഞാണ് അനുപമയുടെയും അജിത്തിന്റെയും കൈകളിലേക്ക് കുഞ്ഞ്
എത്തുന്നത്.
രണ്ടാം പിറന്നാള്‍ ആണെങ്കിലും തങ്ങള്‍ക്കിത് ആദ്യ പിറന്നാള്‍ തന്നെയെന്നു അനുപമ പറയുന്നു. കനല്‍വഴികളില്‍ ഒപ്പം നിന്നവര്‍ക്കൊപ്പമാണ് അവര്‍ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷമാക്കിയത്. പോരാട്ടത്തിനൊടുവില്‍ മകനെ കയ്യില്‍ കിട്ടിയതുകൊണ്ടാണ് ജ്വാല എന്ന് അര്‍ഥം വരുന്ന എയ്ഡന്‍ എന്ന പേരു മകനു നല്‍കിയത്.