കൊച്ചി: കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അറിയിച്ച് പരാതിക്കാരൻ രംഗത്ത് വന്നതോടെ കേസ് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ഒത്തുതീർപ്പാക്കിയതിനെ എതിർത്ത് പോലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് തങ്ങളുടെ നിലപാട് അറിയിച്ചത്.
കേസ് ഒത്തുതീർപ്പ് ആക്കിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കേസിൽ പ്രതി പോലീസുകാരനെന്നത് ഗൗരവതരമായ വസ്തുതയാണെന്നും പോലീസ് പറയുന്നു. മാങ്ങ നഷ്ടപ്പെട്ട സംഭവത്തിൽ പരാതിയില്ലെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. പിന്നാലെ സോഷ്യൽമീഡിയയിലും മറ്റും ഈ നിലപാടിനെതിരെ വൻ തോതിൽ വിമർശനവും ഉയർന്നിരുന്നു.
രണ്ടാഴ്ച മുൻപാണ് കാഞ്ഞിരപ്പളളിയിലെ ഒരു ഫ്രൂട്ട്സ് കടയിൽ നിന്ന് 600 രൂപയോളം വിലവരുന്ന മാമ്പളം പോലീസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്. ഉദ്യോഗസ്ഥനെ കുടുക്കിയത് സിസിടിവി ക്യാമറയുമാണ്. ഇടുക്കി എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ഷിഹാബ് ആണ് മാമ്പഴം മോഷ്ടിച്ചത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് സ്വമേധയാ കേസ് എടുക്കുകയും അന്വേഷണ വിധേയമായി പൊലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
നാളിത്ര പിന്നിട്ടിട്ടും കേസിൽ ഒളിവിൽ പോയ പോലീസുകാരനെ ഇതുവരെ കണ്ടെത്താത്തതും അറസ്റ്റ് ചെയ്യാത്തതും വിമർശനത്തിനും ഇടയാക്കിരുന്നു. അതേസമയം, കീഴ് കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കിൽ കേസ് ഒത്ത് തീർപ്പക്കാൻ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.