തിരുവനന്തപുരം: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി വിഎസ് അച്യുതാനന്ദന്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് വിഎസ്. വിദ്യാര്‍ത്ഥി നേതാവ്, എഴുത്തുകാരന്, നിയമസഭാ സാമാജികന്, മനുഷ്യസ്നേഹി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് അദ്ദേഹമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ, കെഎസ്യു ഗുണ്ടകളുടെ കത്തിമുന ചലനശേഷി നഷ്ടപ്പെടുത്തിയപ്പോഴും, നഷ്ടപ്പെടാത്ത മനോബലത്തോടെ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോയ സഖാവിന്റെ വേര്‍പാട് വ്യക്തിപരമായും വേദനയുളവാക്കുന്നുവെന്ന് വിഎസ് പറഞ്ഞു.
ഇന്ന് തൃശ്ശൂരില്‍ വച്ചാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൈമണ്‍ ബ്രിട്ടോ മരണപ്പെട്ടത്. 2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീര്‍ഘകാലമായി വീല്‍ചെയറിയിലാണു പൊതുപ്രവര്‍ത്തനം നടത്തിയത്.
Discussion about this post