വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതം; ആരോഗ്യമന്ത്രി കെകെ ശൈലജ

തൃശൂര്‍: സര്‍ക്കാര്‍ നേതൃത്വത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ, നടപടി ഉണ്ടാകുമെന്ന പ്രചരണത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.

വനിതാ മതിലില്‍ പങ്കെടുത്താല്‍ പ്രതികാര നടപടിയുണ്ടാകുമെന്ന തരത്തില്‍ ചില തെറ്റായ പ്രചരണങ്ങളാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ യാതൊരുവിധ നിയമ നടപടികളെടുക്കാനും കഴിയുന്നതല്ല. കാരണം ഇത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടിയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത് സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ സമത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ സ്ത്രീകളും ഇതില്‍ പങ്കെടുത്ത് ചരിത്രത്തിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഫേയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.

ഫേയ്‌സ് ബുക്ക് പോസ്റ്റ്:

‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വനിതാ മതിലില്‍ പങ്കെടുത്താല്‍ പ്രതികാര നടപടിയുണ്ടാകുമെന്ന തരത്തില്‍ ചില തെറ്റായ പ്രചരണങ്ങളാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ യാതൊരുവിധ നിയമ നടപടികളെടുക്കാനും കഴിയുന്നതല്ല. കാരണം ഇത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടിയാണ്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞുപോയ കാലഘട്ടങ്ങളിലെ അനാചാരങ്ങളും മനുഷ്യത്വരഹിതമായ നടപടികളും പുതിയ സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കാനും അരക്കിട്ടുറപ്പിക്കാനും ചിലര്‍ നടത്തുന്ന ആസൂത്രിതമായ നീക്കങ്ങളാണ് ഇങ്ങനെയൊരു പ്രതിരോധനിര തീര്‍ക്കുന്നതിന് കാരണമായിട്ടുള്ളത്. മാത്രമല്ല ഫ്യൂഡല്‍ കാലഘട്ടത്തിലെ അസമത്വങ്ങള്‍ സ്ത്രീകളുടെ മേല്‍ വീണ്ടും അടിച്ചല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിനെ ഇല്ലാതാക്കേണ്ടത് വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യമാണ്.

സ്ത്രീകള്‍ക്കു വേണ്ടി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ പൊരുതി നേടിയ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു ശക്തിയേയും അനുവദിക്കാന്‍ പാടില്ല. അതുകൊണ്ട് ഇന്നത്തെ പുരോഗതിയില്‍ വിശ്വസിക്കുന്നവരും ഭരണഘടനാപരമായ അവകാശങ്ങളില്‍ വിശ്വസിക്കുന്നവരുമായ എല്ലാവരും ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ കൈകോര്‍ക്കണം. അത്തരത്തിലൊരു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍ യോഗം ചേര്‍ന്ന് ഇതുപോലൊരു പ്രചാരണ പരിപാടിയ്ക്ക് തീരുമാനിപ്പോള്‍ കേരള സര്‍ക്കാര്‍ അതിന് പിന്തുണ നല്‍കി. വനിതാ ശിശു വികസന വകുപ്പിനേയാണ് നോഡല്‍ വിഭാഗമായി കണക്കാക്കിയത്. അതിനാലാണ് ഈ വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീക്കാര്‍, ആശുപത്രികളില്‍ അന്നേരം ഡ്യൂട്ടിയിലില്ലാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വനിതാ ജിവനക്കാര്‍ തുടങ്ങിയ എല്ലാവരും ഈ വനിതാ മതിലില്‍ അണിചേരണം. സ്ത്രീകളുടെ സമത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ സ്ത്രീകളും ഇതില്‍ പങ്കെടുത്ത് ചരിത്രത്തിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Exit mobile version