അമ്പലപ്പുഴ: കൂകിപ്പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്നും കുഞ്ഞനുജത്തിയെ ജീവിതത്തിലേക്ക് കോരിയെടുത്ത് പവിത്ര. ഒരുനിമിഷം പോലും പാഴാക്കാതെ ട്രാക്കില്‍ നിന്ന സഹോദരിയെ രക്ഷപ്പെടുത്തിയ പവിത്ര (12)യാണ് പുന്നപ്രയുടെ അഭിമാനമാവുന്നത്. പുന്നപ്ര പനച്ചുവട് ലവല്‍ ക്രോസിന് സമീപം പാളത്തില്‍ നിന്ന സഹോദരി മിത്രയെ(7)യാണ് പവിത്ര രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പുന്നപ്ര കപ്പക്കട വലിയതൈപ്പറമ്പില്‍ സജിമോന്റെയും പ്രവീണയുടെയും മക്കളാണ് പവിത്രയും മിത്രയും. പാളത്തിനോടു ചേര്‍ന്നാണ് ഇവരുടെ വീട്. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധു മരിച്ചിരുന്നു. മരണ വീട്ടിലേക്ക് പ്രാര്‍ഥനയ്ക്കായി പാളം മുറിച്ച് കടക്കുകയായിരുന്നു മിത്ര.
ഇതിനിടയിലാണ് ട്രെയിന്‍ വന്നത്. മിത്ര പാളത്തിലൂടെ വരുന്നത് കണ്ട ബന്ധുക്കളായ സ്ത്രീകള്‍ ബഹളം വച്ചു നിലവിളിച്ചു. വീടിനോടു ചേര്‍ന്ന് കളിച്ചു കൊണ്ടിരുന്ന പവിത്ര ശബ്ദം കേട്ട് മിത്രയുടെ അടുത്തേക്ക് കുതിച്ചെത്തി. സഹോദരിയെ പാളത്തില്‍ നിന്നു വലിച്ചു താഴെയിറക്കുന്നതിനിടെ രണ്ടു പേരും പാളത്തിനരികിലെ മെറ്റല്‍ക്കൂനകള്‍ക്കിടയിലൂടെ താഴേക്ക് വീണു.
ഇതിനിടെ ട്രെയിന്‍ കടന്നു പോയി. പ്രവീണയും ബന്ധുക്കളും ഓടിച്ചെന്ന് കുട്ടികളെ വാരിപ്പുണര്‍ന്നു. അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പവിത്ര. ഇതേ സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയാണ് മിത്ര.