മലപ്പുറം: നഗരത്തില്‍ തീ തുപ്പുന്ന കാറുമായി അഭ്യാസം നടത്തിയ യുവാവിന് എട്ടിന്റെ പണി. കാറിന്റെ പുകക്കുഴലില്‍ തീ വരുന്ന സംവിധാനം ചേര്‍ത്ത യുവാവിന് 44,250 രൂപ എംവിഡി പിഴയിട്ടു. അനധികൃത മോടി കൂട്ടലിനാണ് വെന്നിയൂര്‍ സ്വദേശിയായ വാഹന ഉടമയില്‍ നിന്നും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അധികൃതര്‍ പിഴ ഈടാക്കിയത്. നിരത്തിലെ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷാ ഭീഷണിയുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലില്‍ നിന്നും തീ വരുന്ന രീതിയില്‍ വാഹനത്തിന്റെ ഇസിയുവിലാണ് മാറ്റം വരുത്തിയത്. വാഹനത്തില്‍ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറക്, പേപ്പര്‍ എന്നിവ കത്തിക്കുന്നതും, റോഡിലൂടെ പോകുമ്പോള്‍ തീ പാറിക്കുന്നതും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വാഹനത്തിന്റെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനങ്ങള്‍, തീവ്രത കൂടിയ ഹെഡ് ലൈറ്റ് എന്നിവയും കാറില്‍ അനധികൃതമായി ഘടിപ്പിച്ചതായി കണ്ടെത്തി.
വാഹനത്തിന്റെ ടയര്‍, സൈലന്‍സര്‍, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തിയിരുന്നു. വന്‍ തുക പിഴ അടച്ചാല്‍ മാത്രം പോര, ഏഴ് ദിവസത്തിനുള്ളില്‍ വാഹനം യഥാര്‍ത്ഥ രൂപത്തിലാക്കിയതിനു ശേഷം പരിശോധനയ്ക്ക് ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉടമയെ താക്കീത് ചെയ്തു.
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം എം വി ഐ കെ എം അസൈനാര്‍, എ എം വി ഐമാരായ പി ബോണി, വി വിജീഷ് എന്നിവരുടെ നേതൃത്വത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിച്ചും വഴി കണ്ടെത്തിയുമാണ് വാഹനത്തിനെതിരെ നടപടി എടുത്തത്. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ കാറാണ് പിടിയിലായത്. കോളേജുകളില്‍ ഉള്‍പ്പെടെ ആഘോഷ പരിപാടികള്‍ക്ക് നല്‍കിയിരുന്ന കാറായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ കാര്‍ ഇന്‍സ്റ്റഗ്രാമില്‍ വന്‍ ഹിറ്റായിരുന്നു. കോളേജുകളിലെ ആഘോഷങ്ങളില്‍ ഈ കാര്‍ ആയിരുന്നു ഹീറോ.
Discussion about this post