ഇടുക്കി: ശാന്തന്‍പാറ കള്ളിപ്പാറയില്‍ പൂത്ത നീലക്കുറിഞ്ഞി വസന്തം കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. ദിവസവും നൂറുകണക്കിന് സന്ദര്‍ശകരാണ് കണ്‍കുളിരുന്ന കാഴ്ച കാണാന്‍ എത്തുന്നത്.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളെ കാണാനെത്തുന്നവര്‍ പൂക്കള്‍ പറിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനെയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പരിസരത്ത് വലിച്ചെറിയുന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
നിരവധി പേരാണ് സഞ്ചാരികളുടെ അടക്കം ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വിഷയം ചര്‍ച്ച ചെയ്തത്. ഇതിനിടെ നടന്‍ നീരജ് മാധവ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
നീലക്കുറിഞ്ഞി സന്ദര്‍ശനം ഒരു ദുരന്തമായി മാറിയിരിക്കുകയാണെന്നും വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആളുകള്‍ പരിസരത്ത് വലിച്ചെറിയുന്നുണ്ടെന്നും നീരജ് മാധവ് ചൂണ്ടിക്കാണിക്കുന്നു. ചിത്രങ്ങള്‍ സഹിതമാണ് നടന്റെ പോസ്റ്റ്.
‘നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിലയേറിയ ഈ പൂക്കള്‍ക്കിടയില്‍ ഉപേക്ഷിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ഇല്ലാതാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല.
നീലക്കുറിഞ്ഞി കാണാനെത്തുന്നവരോട് ഒരു അഭ്യര്‍ത്ഥന, പ്ലാസ്റ്റിക് കൊണ്ടുപോകരുത് കൊണ്ടുപോയാല്‍ തന്നെ ദയവായി അത് വലിച്ചെറിയരുത്’, നീരജ് മാധവ് പറഞ്ഞു.