മറയൂർ: സ്തനാർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ആദിവാസി വീട്ടമ്മയെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. വേദന കൊണ്ട് പുളഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാൻ സഹായം ലഭിക്കാതിരുന്ന വീട്ടമ്മയെ മന്ത്രി കെ രാധാകൃഷ്ണന്റെ ഇടപെടലിലാണ് മറയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. മറയൂർ ചമ്പക്കാട് കുടിയിലെ 52 വയസ്സുള്ള വീട്ടമ്മയാണ് അർബുദം ബാധിച്ച് അവശനിലയിലായത്.
പദ്മരാജനെ സാക്ഷിയാക്കി രഹസ്യ മോതിരംമാറല്‍: ജയറാമിന്റെയും പാര്‍വതിയുടെയും അപൂര്‍വ്വ ചിത്രം പുറത്ത്
ഇവർ ഒരു വർഷത്തോളം തമിഴ്‌നാട്ടിലും കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു മാസമായി ഈ വീട്ടമ്മ തീരെ അവശനിലയിൽ ആയിരുന്നു. രോഗം ഗുരുതരമായി വീട്ടമ്മ നിലവിളിക്കുന്നതു കേട്ട് അയൽവീട്ടുകാർ അധികൃതരെയും മന്ത്രിയുടെ ഓഫിസിലും അറിയിച്ചു.
തുടർന്ന് പട്ടിക വർഗ വികസന വകുപ്പ് ജില്ല ഓഫിസർ നജീമിന്റെ നേതൃത്വത്തിലുള്ള സംഘം കുടിയിലെത്തി മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുകയായിരുന്നു. അതേസമയം, രോഗിക്കു ചികിത്സ നൽകാൻ മക്കൾ തയാറായില്ലെന്നും ആശുപത്രിയിലേക്കു മാറ്റുന്നതിൽ കുടുംബാംഗങ്ങളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചെന്നും ആരോപണമുണ്ട്.
ചികിത്സ മുടക്കിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയതോടെയാണ് അവർ വഴങ്ങിയതെന്നും പറയുന്നു. വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു റഫർ ചെയ്‌തെങ്കിലും കൂടെപ്പോകാൻ ആളില്ലാത്തതിനാൽ മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തുടരുകയാണ്.